കട്ടപ്പന ഇരട്ടക്കൊലപാതകം; വിഷ്ണുവിന്റെ വീടിന് പൊലീസ് കാവൽ
കട്ടപ്പന: വർക്ക്ഷോപ്പിൽ നടന്ന മോഷണശ്രമത്തിന്റെ തുടരന്വേഷണത്തിൽ കട്ടപ്പന പൊലീസിന് ലഭിച്ചത് സുപ്രധാന വിവരങ്ങൾ. ഇരട്ടക്കൊലപാതകം നടന്നതായുള്ള ചില വെളിപ്പെടുത്തലുകൾക്ക് പിന്നാലെയുള്ള അന്വേഷണത്തിൽ ഇനിയുള്ള ദിവസങ്ങൾ നിർണായകമാണ്.
ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കേണ്ടിവരുന്ന സുപ്രധാന ദൗത്യമാണ് അന്വേഷണത്തിന് സംഘത്തിന് മുന്നിലുള്ളത്. കട്ടപ്പന നഗരത്തിലെ വർക്ക്ഷോപ്പിൽ നിന്ന് ഇരുമ്പ് സാമഗ്രികൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ(27), ഇയാളുടെ സഹായി പുത്തൻപുരയ്ക്കൽ നിധീഷ്(രാജേഷ്-31) എന്നിവർ പിടിയിലായത്. ഇരുവരും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്.
നിധീഷ് ദുർമന്ത്രവാദം നടത്തിയിരുന്നയാളാണെന്നും അന്വേഷണത്തിനിടെ പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. വിഷ്ണുവിന്റെ അച്ഛൻ വിജയനെ കാണാതായിട്ട് മാസങ്ങളായിരുന്നു. ഇദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഇവരെ പരിചയമുള്ള ചിലരും സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു.
മുമ്പ് കട്ടപ്പന സാഗര ജങ്ഷനിൽ താമസിച്ചിരുന്ന ഇവർ വീട് വിറ്റശേഷം കക്കാട്ടുകടയിലെ വാടക വീട്ടിലേക്ക് താമസം മാറി. തുടരന്വേഷണത്തിനിടെ കക്കാട്ടുകടയിലെ വീട്ടിൽ പൊലീസ് എത്തിയപ്പോൾ വിഷ്ണുവിന്റെ അമ്മയും സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്.
വിജയന്റെയും നവജാത ശിശുവിന്റെയും മരണവുമായി ബന്ധപ്പെട്ട് ചില സുപ്രധാന വിവരങ്ങൾ ഇവർ വെളിപ്പെടുത്തിയതായാണ് വിവരം. ഇരുവർക്കും പുറത്തിറങ്ങാൻ വിഷ്ണുവും നിധീഷും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായാണ് സൂചന. തുടർന്ന് പൊലീസ് സംഘം അമ്മയേയും സഹോദരിയേയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചശേഷം വീടിന് കാവൽ ഏർപ്പെടുത്തി.
മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണു വീണ് പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
നിധീഷ് പീരുമേട് സബ് ജയിലിൽ റിമാൻഡിലും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോയെന്ന് തെളിയിക്കാനാകൂ.