നേമം: ഓട്ടോയും ബസും കൂട്ടിയിടിച്ച് അമ്മയും മകളുമുള്പടെ മൂന്നു പേര് മരിച്ചു. മൂന്നു പേരും ഓട്ടോ യാത്രക്കാരാണ്. തിരുവനന്തപുരം മണക്കാട് സ്വദേശികളായ രമേശ്വരി (65) ,മകള്‍ അനിതകുമാരി (45) , ഓട്ടോഡ്രൈവര്‍ പഴയകാരക്കാമണ്ഡപം സ്വദേശി അബ്ദുള്‍ റഹിം (33) എന്നിവരാണ് മരിച്ചത്.
ഇന്നു വൈകുന്നേരം നാലുമണിയോടെ നേമത്തിനു സമീപം പളളിച്ചലിലായിരുന്നു അപകടം. ബാലരാമപുരത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസിനെ അതേ ദിശയില്‍ നിന്നും വന്ന ഓട്ടോ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ മറ്റൊരു ടെമ്പോയില്‍ ഇടിച്ച് ഓട്ടോ ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
മൂന്നു പേരും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. ഇവരില്‍ അബ്ദുള്‍ റഹിമിന്റെ മൃതദേഹം കിളളിപ്പാലത്തുളള സ്വകാര്യ ആശുപത്രിയിലും , രമേശ്വരിയുടെയും അനിതകുമാരിയുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലുമാണ്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം കരമന-കളിയിക്കാവിള ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.