മികച്ച ഫലം നൽകിയത് കോവിഷീൽഡെന്ന് പഠനം
ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ രോഗ പ്രതിരോധ മരുന്നുകളില്‍ കോവാക്സിനെക്കാള്‍ മികച്ച ഫലം നല്‍കിയത് കോവിഷീല്‍ഡെന്ന് പഠന റിപ്പോര്‍ട്ട്.
കോവാക്സിനെ അപേക്ഷിച്ച് കോവിഷീല്‍ഡ് കൂടുതല്‍ ശക്തമായ രോഗപ്രതിരോധ ശേഷി സാധ്യമാക്കിയതായാണ് കണ്ടെത്തൽ. ബാഗ്ലൂരിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലെ(എന്‍.സി.ബി.എസ്) ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ 10 മെഡിക്കല്‍ ഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ്മയില്‍ നടത്തിയ പഠനത്തിലാണ് ഇപ്പോഴത്തെ കണ്ടെത്തൽ.
മെഡിക്കല്‍ ഗവേഷകര്‍ക്കും ഈ രംഗത്തെ വിദഗ്ദ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയില്‍ ഇരു വാക്സിനുകളുടെയും ഫല പ്രാപ്തി വലിയ ചര്‍ച്ചാ വിഷയമായിരുന്നു.
18 വയസിനും 45 വയസിനും ഇടയിലുള്ള 691 വ്യക്തികളിലെ രോഗ പ്രതിരോധ രൂപീകരണം പഠന വിധേയമാക്കി. 2021 ജൂണ്‍ 2022 ജനുവരി കാലഘട്ടത്തില്‍ വാക്സിന് സ്വീകരിച്ചവരാണ് ഇവര്‍.
വാക്സിനേഷന് രേഖകള്‍ പരിശോധിച്ച് പ്രതിരോധ കുത്തിവെപ്പിന് മുന്‍പും ശേഷവും വ്യത്യസ്ത ഇടവേളകളിലായി ഇവരുടെയെല്ലാം പ്രതിരോധ പ്രതികരണങ്ങള്‍ എങ്ങനെയായിരുന്നുവെന്ന് നിരീക്ഷിച്ച് ഫലം കണ്ടെത്തുകയായിരുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്(ഐസര്‍), നാഷണല്‍ കെമിക്കല്‍ ലബോറട്ടറി(എന്‍.സി.എല്‍), നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സ്(എന്‍.സി.സി.എസ്), പൂണെ നോളജ് ക്ലസ്റ്റര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠനത്തിന്റെ ഭാഗമായി.
പൂനെയില്‍ രണ്ട് ആശുപത്രികളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. അതിനു ശേഷം ആവശ്യമായ പ്രോസസ്സിംഗ് പൂണെയിലെ എന്സിഎല്ലിലും ഐസറിലുമായാണ് നടത്തിയത്.
കോവാക്സിന്റെയും BBV152 (COVAXIN) കോവിഷീല്‍ഡിന്റെയും ChAdOx1 nCoV-19 (COVISHIELD) ഫലപ്രാപ്തിയെ താരതമ്യം ചെയ്യുന്ന പഠനം ആദ്യമാണ്.
ഈ രണ്ട് വാക്സിനുകളുടെ വെവ്വേറെ വിവരങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഭാവിയില്‍ രോഗപ്രതിരോധശേഷിയെ കുറിച്ചുള്ള പഠനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ഈ ഗവേഷണം സഹായകമാവും എന്നാണ് പ്രതീക്ഷിക്കുന്നത്.