ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം, വിധിയൊരുക്കിയ ജീവിത പരീക്ഷണങ്ങളെ അകക്കണ്ണിന് വെളിച്ചംകൊണ്ട് നേരിട്ടു; പോരാട്ട ജീവിതത്തിന് മാതൃകയായി ജാസ്മിന് അജി
തൊടുപുഴ: വിധിയൊരുക്കിയ പരീക്ഷണങ്ങളെ മനസിലെ വെളിച്ചം കൊണ്ട് നേരിട്ട് വിജയം കൈവരിച്ചിരിക്കുകയാണ് ഇടുക്കി തുടങ്ങനാട് സ്വദേശിനി വിച്ചാട്ട് വീട്ടില്‍ ജാസ്മിന് അജി. ജീവിതത്തിലുണ്ടായ വെല്ലുവിളിയെ തോല്‍പ്പിച്ച് ജാസ്മിന് തുടങ്ങിയ അപ്പൂസ് നെയ്യപ്പം യൂണിറ്റ് ഇന്ന് നാട്ടില്‍ വന്‍ ഹിറ്റാണ്. സ്വന്തമായുള്ള സാമ്പത്തിക നേട്ടം എന്നതിലുപരി ഒരു ഡസനിലേറെ വനിതകള്‍ക്ക് തൊഴില്‍ കൊടുക്കുന്ന സംരംഭക കൂടിയാണിന്ന് ജാസ്മിന്.
എല്ലാത്തിനും പിന്നില്‍ വേളാങ്കണ്ണി മാതാവ്
മേലുകാവ് മേരിലാന്റ് സ്വദേശിയാണ് ജാസ്മിന്. ഡിഗ്രി പഠനത്തിനു ശേഷം 1998-ലായിരുന്നു തുടങ്ങനാട് വിച്ചാട്ട് വീട്ടില്‍ അജിയുമായുള്ള വിവാഹം. സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നനിടയിലാണ് അഖില്‍ പിറന്നത്. എന്നാല്‍ കുഞ്ഞിന് സെറിബ്രള്‍ പാള്‍സിയായിരുന്നു. പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നു അഖിലിന്റെ ജനനം. പിന്നീട് മകനെയുമായി കയറിയിറങ്ങാത്ത ആശുപത്രികളില്ല. ഒന്നര വര്‍ഷത്തോളം ചെന്നൈയില്‍ താമസിച്ച് ചികിത്സിച്ചു. ഒന്നും ഫലം കണ്ടില്ല. ഇതിനിടെ വേളാങ്കണ്ണി പള്ളിയിലെത്തിയുള്ള പ്രാര്‍ത്ഥനക്കിടെ കണ്ടുമുട്ടിയ വൈദികനാണ് ജീവിത വേദനകള്‍ മറക്കാന്‍ എന്തെങ്കിലും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഉപദേശം തന്നത്. വേളാങ്കണ്ണി മാതാവ് പറഞ്ഞ് വിട്ടത് പോലെയെത്തിയ ആ പുരോഹിതനാണ് ഇന്നത്തെ സ്ഥാപനത്തിന് പിന്നിലെന്ന് ജാസ്മിന് പറയുന്നു.
വീട്ടിലെ രുചിക്കൂട്ടില്‍ ചെറിയ തുടക്കം
അടുത്ത ബന്ധുവുണ്ടാക്കുന്ന നെയ്യപ്പത്തിന്റെ രുചിക്കൂട്ടുകള്‍ മനസിലാക്കിയെടുത്ത ജാസ്മിന് വീട്ടില്‍ എത്തിയതിനു ശേഷം അരി പൊടിച്ച് നെയ്യപ്പം ഉണ്ടാക്കി. അത് കഴിച്ച ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ നെയ്യപ്പത്തിന്റെ രുചിയെ വാനോളം പുകഴ്ത്തി. എല്ലാവരുടേയും ആവശ്യപ്രകാരം വീണ്ടും നെയ്യപ്പമുണ്ടാക്കുകയും ഭര്‍ത്താവ് അജി അത് പായ്ക്കറ്റിലാക്കി തന്റെ പലചരക്കു കടയില്‍ വില്‍പ്പനയ്ക്കെത്തിക്കുകയും ചെയ്തു. 2005ലായിരുന്നു ഇത്. പിന്നീട് നെയ്യപ്പം തേടി ആവശ്യക്കാന് എത്തിയതോടെയാണ് പൂര്‍ണ്ണമായും നെയ്യപ്പം കച്ചവടത്തിലേക്ക് തിരിഞ്ഞത്. ആദ്യ ഘട്ടമായി മുട്ടം, പാലാ, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ കടകളിലും ബേക്കറികളിലുമാണ് വില്‍പ്പനയ്ക്കെത്തിച്ചിരുന്നത്.
മരണത്തോളം തളര്‍ത്തിയ വേദനക്കൊടുവില്‍ ഇരുളിലേക്ക്
മകന് അഖിലിന്റെ ചികിത്സയുമായി ബന്ധപ്പെട്ട ആശുപത്രി സന്ദര്‍ശനത്തിനിടെ ജാസ്മിനെയും പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനാ ഫലം ഏറെ നിരാശ കലര്‍ന്നതായിരുന്നു. ജാസ്മിന്റെ കാഴ്ചയ്ക്ക് തകരാര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍ സൂചന നല്കി. വാര്‍ദ്ധക്യ കാലത്ത് ഒരു പക്ഷെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടേക്കാമെന്നും മുന്നറിയിപ്പ് നല്കി. അതിനു വേണ്ടി ചികില്‍സകളും ആരംഭിച്ചിരുന്നു. ഇത്തരത്തില്‍ ആശുപത്രി വാസവും മരുന്നുമൊക്കെയായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി ജാസ്മിന്റെ കവിളില്‍ വലിയ വേദന വരുന്നത്. മരണത്തോളം തളര്‍ത്തുന്ന വേദനയായിരുന്നെന്ന് ജാസ്മിന് പറയുന്നു. ഞരമ്പുകളുടെ ബലക്ഷയമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. പിന്നീട് കണ്ണുകളുടെ വശങ്ങളിലെ കാഴ്ചകള്‍ മറഞ്ഞു തുടങ്ങി. ഇത് കൂടിക്കൂടി ക്രമേണ കാഴ്ച പൂര്‍ണമായും മറയും. വാര്‍ദ്ധക്യ കാലത്തെ അന്ധതയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത് ജാസ്മിന്റെ കാര്യത്തില്‍ നേരത്തെയെത്തി. 2011-ല്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു.
കാഴ്ച മറയും മുമ്പേ നേരിടാന്‍ തയ്യാറെടുത്തു
എന്നാല്‍ ഇരുട്ടിനെ പോരാടി തോല്‍പ്പിച്ച് ജാസ്മിന് വീട്ടിലെ ജോലികളെല്ലാം തനിയെ ചെയ്തു. ഡോക്ടര്‍മാര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്കിയിരുന്നതിനാല് കണ്ണടച്ച് ജോലികള്‍ ചെയ്തുകൊണ്ട് വരാനിരിക്കുന്ന ദുരിതത്തെ നേരിടാന്‍ ജാസ്മിന് മനസുകൊണ്ട് തയ്യാറെടുത്തു. കുഞ്ഞിനെ കുളിപ്പിക്കുന്നതിനും ഭക്ഷണം കൊടുക്കുന്നതിനും ആരുടേയും സഹായം ആവശ്യപ്പെട്ടില്ല. വീട്ടിലെ ഓരോ മുറികളും പരിസരവുമൊക്കെ മനപ്പാഠമാക്കി വച്ചു.
മികച്ച സംരംഭക, ഒപ്പം ജോലിക്കാരിയും
അതേ സമയം നെയ്യപ്പമുണ്ടാക്കുന്നത് വിപുലമാക്കാനും തീരുമാനിച്ചു. ഇപ്പോള്‍ വീടിനോടു ചേര്‍ന്നുള്ള അപ്പൂസ് ഫുഡ് പ്രോസസിംഗ് യൂണിറ്റില്‍ നിന്നും ദിവസേന ആയിരക്കണക്കിന് നെയ്യപ്പം വിവിധ ജില്ലകളിലേക്ക് കയറിപ്പോകുന്നു. അഞ്ച് രൂപതകളിലെ പള്ളികളില്‍ ഇവിടെ നിര്‍മിക്കുന്ന നെയ്യപ്പമാണ് നേര്‍ച്ചയായി നല്‍കുന്നത്. ഭരണങ്ങാനം, മാന്നാനം, കുറവിലങ്ങാട് എന്നി പള്ളികളാണ് ഇതില്‍ പ്രധാനം. തിരുനാള്‍ സീസണില്‍ മറ്റ് പള്ളികളില്‍ നിന്നും ഓര്ഡറെത്തുന്നതോടെ തിരക്കേറും. 12-ഓളം വീട്ടമ്മമാരാണ് സ്ഥിരമായി ജോലി ചെയ്യുന്നത്. തിരക്കേറിയ സമയങ്ങളില്‍ മുപ്പതോളം വനിതകള്‍ ജോലിക്കെത്തും. ഇവരോടൊപ്പം എല്ലാ ജോലികളും ചെയ്യാന്‍ ജാസ്മിനുമുണ്ടാകും. ജോലിക്കാരുടെ ശമ്പളത്തില്‍ നിന്ന് ഒരു ഭാഗം മാറ്റിവച്ച ശേഷമാണ് പ്രതിഫലം നല്‍കുക. ഇത്തരത്തില്‍ മാറ്റി വക്കുന്ന തുക പോസ്റ്റോഫീസിലും മറ്റും സമ്പാദ്യമാക്കി അവര്‍ക്ക് തന്നെ തിരികെ നല്‍കും.
വനിതകളിലെ പോരാളി
അക കണ്ണിന് കാഴ്ച്ചയില്‍ ജീവിത വിജയം കൈവരിച്ച ജാസ്മിനെ പോലുള്ളവര്‍ എല്ലാവര്ക്കും മാതൃകയാണ്. ചെറുപ്പത്തില്‍ വാഹനം ഓടിക്കുകയും തനിയെ യാത്ര ചെയ്യുകയും ഒക്കെ ചെയ്തിരുന്നുവെന്ന് ജാസ്മിന് പറഞ്ഞു. വിധിയെ പഴിച്ച് അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയല്ല വേണ്ടത്. വെല്ലുവിളികളെ അതി ജീവിക്കുകയാണ് വേണ്ടതെന്ന് ജാസ്മിന് തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നു. എല്ലാ കാര്യങ്ങള്‍ക്കും പിന്തുണയുമായി ഭര്‍ത്താവ് അജിയും കൂട്ടിനുണ്ട്.