മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ തുറന്ന കത്ത്
തിരുവനന്തപുരം: മനുഷ്യത്വത്തിെൻറ കണികയെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി ദുരഭിമാനം മാറ്റിെവച്ച് ജിഷ്ണുവിെൻറ മാതാവിനെ കണ്ട് സമരം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജിഷ്ണു പ്രണോയിയുടെ മാതാവിനും കുടുംബാംഗങ്ങൾക്കുമെതിരെ നടന്ന പൊലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയതിെന വിമർശിച്ച് മുഖ്യമന്ത്രിക്ക് നൽകിയ തുറന്ന കത്തിലാണ് ഇൗ ആവശ്യം.
കത്തിെൻറ പൂർണ രൂപം:
മകന് നഷ്ടപ്പെട്ട ഒരമ്മ നീതി ചോദിച്ച് എത്തിയപ്പോഴുണ്ടായ ക്രൂരമായ പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് സര്‍ക്കാര്‍ പത്രങ്ങളില്‍ നല്കിയ പരസ്യം വായിച്ചപ്പോള്‍ ഞെട്ടിപ്പോയി. എന്തിനാണ് അങ്ങ് ഇങ്ങനെ പച്ചക്കള്ളം പറഞ്ഞ് പൊലീസിനെ ന്യായീകരിക്കുന്നത്? ജിഷ്ണുവിെൻറ അമ്മയെ പൊലീസ് നിലത്തിട്ട് വലിച്ചിഴച്ചില്ലെന്നാണ് പരസ്യത്തില്‍ പറയുന്നത്. ആ അമ്മയെ പൊലീസുകാര്‍ കൈനീട്ടി എഴുന്നേൽപിക്കുകയാണ് ചെയ്തതെന്നും പരസ്യത്തിലുണ്ട്. ലോകം മുഴുവന്‍ കണ്ട കാര്യത്തെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത്. ആ അമ്മയെ പൊലീസ് ക്രൂരമായി വലിച്ചിഴക്കുന്നതിെൻറ ദൃശ്യങ്ങള്‍ ജനം കണ്ടതാണ്. എന്നിട്ടും എന്തിനാണ് ആ അമ്മയുടെ സമരത്തെ അപഹസിക്കാനായി കള്ളം പ്രചരിപ്പിക്കുന്നത്.
സമരപോരാട്ടങ്ങളിലൂടെ ഉയര്‍ന്നു വന്ന നേതാവല്ലേ അങ്ങ്? അങ്ങനെ ഒരാള്‍ മകന് മരിച്ച ഒരമ്മയുടെ സമരത്തോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. 1977 മാര്‍ച്ചില്‍ പൊലീസ് മർദനമേറ്റ ശേഷം രക്തംപുരണ്ട വസ്ത്രങ്ങളുമായി അങ്ങ് നിയമസഭയില്‍ വന്ന സംഭവം ഞാന്‍ ഓര്‍ക്കുന്നു. ഊരിപ്പിടിച്ച വാളുകളുടെയും കത്തികളുടെയും ഇടയിലൂടെ തലയുയര്‍ത്തിപ്പിടിച്ച് നടന്നുപോയതിനെപ്പറ്റി അങ്ങ് ഈയിടെയും അഭിമാനം കൊണ്ടതാണല്ലോ? അങ്ങനെയുള്ള ഒരാള്‍ നിരാലംബയായ ഒരു സ്ത്രീയുടെ സമരത്തോട് ഇങ്ങനെയായിരുന്നോ പെരുമാറേണ്ടിയിരുന്നത്?
ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും അങ്ങയെപ്പോലെ പൊലീസിനെ ഇങ്ങനെ കണ്ണടച്ച് ന്യായീകരിച്ചിട്ടില്ല. പൊലീസ് എഴുതിത്തന്നത് മാത്രം വായിച്ച് വിശ്വസിക്കുന്നതിനു മുമ്പ് ഡി.ജി.പി ഓഫിസിനു മുന്നില്‍ എന്താണ് നടന്നതെന്ന് നേരിട്ട് അന്വേഷിക്കാമായിരുന്നു. മഹിജ കമ്യൂണിസ്റ്റുകാരിയാണ്. സ്വന്തം കുടുംബാംഗത്തോട് എന്ന പോലെ അങ്ങേക്ക് അവരോട് കാര്യങ്ങള്‍ ചോദിച്ചറിയാമായിരുന്നു. പൊലീസുകാര്‍ കൈനീട്ടി എഴുന്നേൽപിക്കുകയാണ് ചെയ്തതെങ്കില്‍ ആ അമ്മക്ക് ഇത്ര ക്ഷതമേല്‍ക്കുന്നതെങ്ങനെ? വയറ്റില്‍ പരിക്കേല്‍ക്കുന്നതെങ്ങനെ? ഇത്ര ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നതെങ്ങനെ?
വീട്ടിൽ നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിെൻറ സഹോദരി അവിഷ്ണയുടെ നില മോശമായിക്കൊണ്ടിരിക്കുകയാണ്. ജലപാനത്തിനു പോലും തയാറാവുന്നില്ല. അമ്മയുടെ സമരം വിജയിക്കുംവരെ തെൻറയും സമരം തുടരുമെന്നാണ് അവിഷ്ണയുടെ നിലപാട്. ആ കുടുംബത്തിലെ മൂന്നു തലമുറ ഒന്നിച്ചിപ്പോള്‍ സമരത്തിലാണ്. കേരള ചരിത്രത്തില്‍ ഇങ്ങനെ ഒരു സഹനസമരം ഉണ്ടായിട്ടില്ല.
കോണ്‍ഗ്രസും ബി.ജെ.പിയും ഗൂഢാലോചന നടത്തി എന്നാണല്ലോ അങ്ങ് ആരോപിക്കുന്നത്. ജിഷ്ണുവിെൻറ അമ്മാവന് ശ്രീജിത്തിെൻറ പിതാവ് കുമാരന് ബി.ജെ.പിക്കാരുടെ വെട്ടേറ്റ് 10 വര്‍ഷമായി ചലനരഹിതനായി കിടക്കുകയാണ്. അവരോണോ ബി.ജെ.പിക്കാരുടെ സഹായം തേടുന്നത്? ഇത്തരം വിഡ്ഢിത്തം ആരാണ് അങ്ങേക്ക് പറഞ്ഞുതരുന്നത് ?
ജിഷ്ണുവിെൻറ അമ്മയുടെ സമരത്തെ സഹായിക്കാന്‍ ചെന്നതിെൻറ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ ഷാജഹാനെയും ഷാജര്‍ഖാനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ഒരു ഭരണാധികാരിക്ക് ചേര്‍ന്ന നടപടിയല്ല.