വിദ്യാർഥിയെ പൊതുപരീക്ഷ എഴുതിക്കാതിരുന്ന സംഭവത്തിൽ പ്രിന്‍സിപ്പാലിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
പാലക്കാട്: പാലക്കാട് റെയിൽവേ സ്കൂളിൽ വിദ്യാർഥിയെ പൊതുപരീക്ഷ എഴുതിക്കാതെയിരുന്നതിൽ പ്രിന്‍സിപ്പാലിന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്.
പ്രിന്‍സിപ്പൽ ഇടപ്പെട്ടത് ഗൗരവത്തോടെയല്ലെന്നാണ് ഡിഡിഇയുടെ അന്വേഷണ റിപ്പോർട്ട്. സെ പരീക്ഷയെഴുതാന്‍ പറഞ്ഞ് കുട്ടിയെ മാനസികമായി തളർത്തിയെന്നും റിപ്പോർട്ടിലുണ്ട്.
കുട്ടിയെ പരീക്ഷയെഴുതിക്കാതിരുന്നത് തെറ്റെന്ന് വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കി. റിപ്പോര്‍ട്ട് പരീക്ഷാ സെക്രട്ടറിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.
എന്നാൽ ഇതിനിടെ വിചിത്ര വാദവുമായി സ്കൂള്‍ പ്രിൻസിപ്പാള്‍ എത്തി. ഫിസിക്സ് പരീക്ഷയെഴുതാന്‍ കുട്ടിക്ക് താൽപര്യമില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചെന്നാണ് വിശദീകരണം. എന്നാൽ ഈ നിലപാട് വിദ്യാർഥിയും രക്ഷിതാക്കളും നിഷേധിച്ച് രംഗത്തെത്തി.
വിവിധ വിഷയങ്ങള്‍ തോറ്റ കുട്ടികളെ, പഠിക്കാൻ സമയം കിട്ടാൻ വേണ്ടിയാണ് പരീക്ഷ എഴുതിക്കാത്തതെന്നും പ്രിൻസിപ്പാള്‍. മാര്‍ച്ചില്‍ 3 വിഷയവും ഏപ്രില്‍-മെയ് മാസങ്ങള്‍ കൊണ്ട് ബാക്കി വിഷയങ്ങളും പഠിച്ച് ജൂണില്‍ പരീക്ഷ എഴുതിക്കുമെന്നും പ്രിൻസിപ്പാള്‍.
ചൊവ്വാഴ്ചയാണ് പ്ലസ് ടു പൊതുപരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന പരാതിയുമായി പാലക്കാട് റെയില്‍വേ സെക്കൻഡറി സ്കൂള്‍ വിദ്യാർഥി സഞ്ജയും കുടുംബവും രംഗത്തെത്തിയത്. മാര്‍ച്ച് 1ന് നടന്ന ഫിസിക്സ് പരീക്ഷയാണ് എഴുതാൻ അനുവദിക്കാതിരുന്നത്.
രാവിലെ പരീക്ഷയ്ക്കെത്തിയപ്പോള്‍ പ്രധാനാധ്യാപിക പരീക്ഷ എഴുതേണ്ടെന്ന് പറഞ്ഞതായാണ് പരാതിയിൽ പറയുന്നത്. മോഡല്‍ പരീക്ഷയ്ക്ക് മാര്ക്കില്ലെന്നും അതുകൊണ്ട് തന്നെ പരീക്ഷ ജയിക്കില്ലെന്നും പ്രധാനാധ്യാപിക പറഞ്ഞു.
ഇനിയും ഇതേ കാര്യം ചോദിച്ചാല്‍ മുഖത്തടിക്കുമെന്ന് പ്രധാനാധ്യാപിക പറഞ്ഞുവെന്നും സഞ്ജയുടെ പരാതിയിലുണ്ട്. സഞ്ജയുടെ പരാതി സത്യമാണെന്നാണ് ഡി.ഡി.ഇ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുമുണ്ട്.