നിരവധി വഞ്ചനാ കുറ്റങ്ങളിൽ അറസ്റ്റിലായ വിവാദ സ്വാമി സന്തോഷ് മാധവൻ അന്തരിച്ചു
കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവൻ മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
സ്വയം സന്യാസ പരിവേഷം ചാർത്തുകയും ശാന്തീതീരമെന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാ കുറ്റങ്ങളിൽ അറസ്റ്റിലാകുകയും ചെയ്ത സന്തോഷ് മാധവൻ എന്നയാളാണ് സ്വാമി ചൈതന്യ.
സെറാഫിൻ എഡ്വിനെന്ന പ്രവാസി വനിതയെ വഞ്ചിച്ചുവെന്ന പേരിൽ ഇന്റപോൾ ജാഗ്രത നിർദ്ദേശിക്കുകയും ദുബായ് പോലീസ് കേസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
40 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് ദുബായിലുള്ള ബിസിനസുകാരി സെറഫിൻ എഡ്വിൻ സന്തോഷ് മാധവന് എതിരെ 2008 മേയ് 11, കേരള പോലീസിന് പരാതി നൽകി. പരാതി പൊലീസിന് ഇമെയിലിലൂടെയാണ് കിട്ടിയത്.
ഇതിൻറെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി സന്തോഷിനെ അറസ്റ്റുചെയ്യുകയായിരുന്നു. സ്വാമിയൂടെ ഫ്ലാറ്റ് പരിശോധിച്ചപ്പോൾ കടുവത്തോൽ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ വന സംരക്ഷണ നിയമ പ്രകാരവും കേസെടുത്തിരുന്നു.
2009 മേയ് 20ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി സന്തോഷ് മാധവനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഠിപ്പിച്ചു എന്ന കേസിൽ 16 വർഷത്തെ തടവിനു ശിക്ഷിച്ചു.
രണ്ടു കേസുകളിലായി എട്ട് വർഷം വീതം തടവും 2,10,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്. സ്വാമി അമൃതചൈതന്യ എന്ന പേരിൽ ആത്മീയ ജീവിതം നയിച്ച് വന്നിരുന്ന ഇദ്ദേഹം.
കട്ടപ്പനയിലെ ദരിദ്ര കുടുംബത്തിൽ ആയിരുന്നു സന്തോഷിന്റെ ജനനം. കട്ടപ്പന ഇരുപതേക്കറിൽ പാറായിച്ചിറയിൽ മാധവന്റേയും തങ്കമ്മയുടെയും മകനായ സന്തോഷ് കട്ടപ്പന ഗവൺമെന്റ് ഹൈസ്ക്കൂളിൽ നിന്നും പത്താം ക്ലാസ് പാസായി.
പിന്നീട് ഇയാൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോരുക ആയിരുന്നു. എറണാകുളത്തെ മരട് തുരുത്തി ക്ഷേത്രത്തിൽ ശാന്തിക്കാരനായി. ഇത് ജീവിതത്തിൽ വഴിത്തിരിവായി.