തെരഞ്ഞെടുപ്പ് തീയതി അടുത്തയാഴ്ച അവസാനം പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: 2024 ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് രണ്ടാം വാരം പ്രഖ്യാപിച്ചേക്കും. മാര്‍ച്ച് പതിനാലിനോ പതിനഞ്ചിനോ തീയതി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
2019 ലേതിന് സമാനമായി ഏഴ് ഘട്ടങ്ങളായായിരിക്കും വോട്ടെടുപ്പ്. ആദ്യ ഘട്ടം ഏപ്രില്‍ രണ്ടാം വാരമായിരിക്കുമെന്ന് ദേശീയ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ സാഹചര്യത്തില്‍ മാര്‍ച്ച് 14 മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരും. അതുവരെയുള്ള തീയതികളില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി 2024 ഏപ്രില്‍ 16 ആണെന്ന് സൂചിപ്പിച്ചിരുന്നു.
എന്നാലിത് തെരഞ്ഞെടുപ്പ് തീയതി അല്ലെന്നും തെരഞ്ഞെടുപ്പ് പ്ലാനിങ്ങിനും റഫറന്‍സിനും തയ്യാറാകുന്നതിനും വേണ്ടി നല്കിയ തീയതിയാണെന്ന് പിന്നീട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സര്‍ക്കുലറിലൂടെ വ്യക്തമാക്കി.
ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള റഫറന്‍സിനായി മാത്രമാണ് ഏപ്രില്‍ 16 തീയതി നല്‍കിയിരിക്കുന്നതെന്നും ചീഫ് ഇലക്ടറല്‍ ഓഫീസിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു. ഈ തീയതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് സൂചന.
195 പേരടങ്ങുന്ന പട്ടികയാണ് ബി ജെ പി പുറത്തുവിട്ടിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, സ്മൃതി ഇറാനി മുന്‍ മുഖ്യമന്ത്രിമാരായ ബിപ്ലബ് കുമാര്‍ ദേബ്, ശിവ്രാജ് സിങ് ചൗഹാന് തുടങ്ങിയവര്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടു.
ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുകയാണ്. ബിജെപിയെ പോലെ തിരക്കുകൂട്ടാന്‍ തങ്ങളില്ലെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. ഇന്‍ഡ്യ മുന്നണിയിലെ സഖ്യകക്ഷിയായ ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടെ ഇതര പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇടതുപക്ഷം കേരള തമിഴ്നാട് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക നേരത്തെ തന്നെ പുറത്തിറക്കി. ആദ്യഘട്ട പട്ടിക ഉടന്‍ പുറത്തുവിടാനാണ് കോണ്‍ഗ്രസ് നീക്കം.
ഭൂരിഭാഗം സംസ്ഥാന ഘടകങ്ങളും ഇതിനകം ഹൈക്കമാന്‍ഡിന് ആദ്യഘട്ട പട്ടിക കൈമാറിയിട്ടുണ്ട്. തര്‍ക്കങ്ങള്‍ ഇല്ലാത്തതും സിറ്റിങ് എം.പിമാര്‍ മത്സരിക്കുന്നതുമായ മണ്ഡലങ്ങള്‍ ആദ്യം പ്രഖ്യാപിക്കും.
മറ്റന്നാള്‍ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനുശേഷം പ്രഖ്യാപനമുണ്ടാകും. ആദ്യം 100 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് മാത്രമായിരിക്കും മത്സരിക്കുക. ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്. വാരാണസിയില്‍ ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി ജനവിധി തേടുന്നത്.
2019ല്‍ വാരാണസിയില്‍ മാത്രമാണ് മോദി മത്സരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അഭ്യൂഹങ്ങളെ തെറ്റിച്ച് കൊണ്ടാണ് മോദി വാരാണസിയില്‍ നിന്ന് മാത്രമായിരിക്കും മത്സരിക്കുകയെന്ന പ്രഖ്യാപനം വന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടത്താനാകുമോ എന്നറിയാന്‍ കമ്മീഷന് പ്രതിനിധികള്‍ മാര്‍ച്ച് 12 - 13 തീയതികളില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്.
ആന്ധ്ര പ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം, ഹരിയാന, മഹാരാഷ്ട്ര ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും ഈ വര്‍ഷമാണ് തെരഞ്ഞെടുപ്പ്. ഇവയില്‍ ആദ്യത്തെ നാല് സംസ്ഥാനങ്ങളിലും ലോക് സഭാ തിരഞ്ഞെടുപ്പിന് ഒപ്പമാവും.