ജി.എൻ സായിബാബയെ കുറ്റവിമുക്തനാക്കി
മുംബൈ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ കേസില്‍ തടവിലടയ്ക്കപ്പെട്ട ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ പ്രൊഫസര്‍ ജി.എന്‍ സായിബാബയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.
സായി ബാബയെ കൂടാതെ തടവിലാക്കപ്പെട്ട മറ്റ് അഞ്ചു പേരെ കൂടി വെറുതെ വിട്ടു. പത്തു വര്‍ഷത്തോളം നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് വെറുതെ വിടല്‍. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
വീല്‍ചെയറില്‍ കഴിയുന്ന സായിബാബ ഇപ്പോള്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. 99 ശതമാനം അംഗവൈകല്യമുള്ള ആളുമാണ്.
പാണ്ഡു പൊരാ നരോത്തെ, മഹേഷ് ടിര്‍ക്കി, ഹേം കേശ്വദത്ത മിശ്ര, പ്രശാന്ത് രാഹി, വിജയ് നാന് ടിര്‍ക്കി എന്നിവരാണ് മറ്റ് പ്രതികള്‍. പാണ്ഡു പൊരാ 2022 ഓഗസ്റ്റില്‍ മരിച്ചിരുന്നു.
മാവോയിസ്റ് ബന്ധമാരോപിച്ച് 2014ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2017ല്‍ ഗഡ്ചിറോളി സെഷന്‍സ് കോടതി ഇവര്‍ക്കെതിരെ ശിക്ഷ വിധിച്ചു.
2022 ഒക്ടോബര്‍ 14ന് ജസ്റ്റിസുമാരായ രോഹിത് ദേവ്, അനില്‍ പന്‍സാരെ എന്നിവരുടെ ബെഞ്ച് കീഴ്കോടതി വിചാരണയിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി സായിബാബ അടക്കം അഞ്ചുപേരെ കുറ്റമുക്തരാക്കി.
എന്നാല്‍ ഉടന്‍ തന്നെ സുപ്രീം കോടതിയെ സമീപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്റ്റേ വാങ്ങിക്കുകയായിരുന്നു. കേസിന്റെ യോഗ്യത പരിഗണിക്കാതെ സാങ്കേതികത മാത്രമാണ് പരിഗണിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
അന്ന് രാത്രി പ്രത്യേക സിറ്റിങ് നടത്തി വിധി സ്റ്റേ ചെയ്ത കോടതി പുതിയ ബെഞ്ചിനോട് വാദം കേള്‍ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇതോടെ ഇവര്‍ക്ക് ജയിലില്‍ തുടരേണ്ടി വന്നു. കേസ് വീണ്ടും പരിഗണിച്ചു. ജസ്റ്റിസ് വിനയ് ജോഷി ജസ്റ്റിസ് വാല്മീകി എസ് എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇപ്പോള്‍ ആറ് പേരെയും കുറ്റവിമുക്തരാക്കിയത്.
അര്‍ബുദബാധിതയായ അമ്മയെ കാണാനോ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍പോലും സായിബാബയ്ക്ക് ജാമ്യം ലഭിച്ചിരുന്നില്ല.
പോളിയോ ബാധിതനായി ഇരുകാലുകളും തളര്‍ന്ന സായിബാബയെ വിട്ടയയ്ക്കണമെന്ന് നിരവധി മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
90 ശതമാനവും തളര്‍ന്ന ശരീരവുമായി ജീവിക്കുന്ന സായിബാബ, ഓപ്പറേഷന് ഗ്രീന്‍ ഹണ്ട് പോലുള്ള മാവോവാദി വിരുദ്ധ സായുധ നടപടികളെ ശക്തമായി വിമര്‍ശിച്ചിരുന്നു. കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാല ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ടുമായുള്ള ബന്ധമാണ് കേസിനാധാരം. സംഘടനയ്ക്ക് എതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു കേസ്.
ആര്.ഡി.എഫ് പോലുള്ള സംഘടനകളുടെ മറവില്‍ സിപിഐ മാവോയിസ്റ്റിനു വേണ്ടി പ്രവര്‍ത്തിച്ചുവെന്നതായിരുന്നു സായിബാബയ്ക്കെതിരായ യു.എ.പി.എ.
സായിബാബ അടക്കം നാലുപേര്‍ക്ക് ജീവപര്യന്തവും മറ്റൊരാള്‍ക്ക് പത്തുവര്‍ഷം തടവുമായിരുന്നു ഗഢ്ചിറോളിയിലെ പ്രത്യേക കോടതി വിധിച്ചത്.
സായിബാബക്കെതിരെ അധികൃതരുടെ അനുമതി ലഭിക്കും മുമ്പേ യു.എ.പി.എ ചുമത്തി വിചാരണ തുടങ്ങിയത് നിയമവിരുദ്ധമാണെന്നാണ് 2022ല്‍ വിധി പറഞ്ഞ ബെഞ്ച് കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 12 ബി, യുഎപിഎയിലെ 13, 18, 20, 38, 39 വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. ലഘുലേഖകളും ഇലക്ട്രോണിക് തെളിവുകളുമാണ് സായിബാബ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്.