തൊഴിലിടങ്ങളിൽ സുരക്ഷിതത്വ സംസ്കാരം സൃഷ്ടിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി
കൊച്ചി: തൊഴിലിടങ്ങളിൽ സുരക്ഷിതത്വ സംസ്കാരം സൃഷ്ടിക്കാൻ സർക്കാർ, തൊഴിലുടമകൾ, തൊഴിലാളികൾ, വിവിധ സംഘടനകൾ എന്നിവരുടെ കൂട്ടായ പരിശ്രമം അനിവാര്യമെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ വ്യാവസായിക സുരക്ഷിതത്വ അവാർഡ്, ഫാക്ടറി ഗ്രേഡിങ് സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലിടങ്ങളിൽനിന്ന് ദിവസാവസാനം ഓരോ തൊഴിലാളിയും സുരക്ഷിതമായും സുഖമായും വീട്ടിലേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണ്.
സുരക്ഷിതത്വത്തെ അവഗണിക്കുന്നതിന്റെ വില വളരെയേറെയാണ്. വ്യവസായങ്ങൾക്കുള്ളിൽ നിരവധി നടപടികളിലൂടെ സുരക്ഷിതത്വ സംസ്കാരം വളർത്തിയെടുക്കണം.
സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം പരിപോഷിപ്പിക്കാനുള്ള സർക്കാരിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമാണ് വ്യാവസായിക സുരക്ഷിതത്വ അവാർഡുകളെന്നും മന്ത്രി പറഞ്ഞു.
റ്റി.ജെ വിനോദ് എം.എൽ.എ അധ്യക്ഷനായി. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഇൻസ്പെക്ടർ ബി.ആർ ഷിബു സുരക്ഷിതത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജി.സി.ഡി.എ ചെയർമാൻ കെ ചന്ദ്രൻപിള്ള, കിലെ ചെയർമാൻ കെ.എൻ ഗോപിനാഥ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ് ശ്രീകല, കേരള സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് എ നിസാറുദീൻ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ജോയിന്റ് ഡയറക്ടർ നിതീഷ് ദേവരാജ് എന്നിവർ സംസാരിച്ചു.