ഹില്ലി അക്വയുടെ വിതരണം കേരളത്തിനു പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: കേരള സർക്കാരിന്റെ കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വയുടെ വിതരണം കേരളത്തിനു പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ. മറ്റു സംസ്ഥാനങ്ങളിൽ അവിടുത്തെ പരമാവധി വിൽപനവില ഈടാക്കി വിതരണം നടത്താനാണ് തീരുമാനം.
ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ഹില്ലി അക്വ ഉൽപന്നങ്ങൾ വിതരണം നടത്തുന്നതിനുള്ള നടപടിക്രമങ്ങളും ഉടൻ ഫലപ്രാപ്തിയിലെത്തുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.
ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ(കിഡ്ക്) ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന ഹില്ലി അക്വ 5 ലിറ്ററിന്റെയും 20 ലിറ്ററിന്റെയും ജാറുകളിൽ തൊടുപുഴയിലെ പ്ലാന്റിൽനിന്നു ലഭ്യമാക്കാനുള്ള നടപടികളും നവീകരിച്ച ഫാക്ടറി ഔട്ലെറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി വരുന്ന ഓഗസ്റ്റ്- സെപ്റ്റംബർ മാസത്തോടെ ഹില്ലി അക്വയുടെ സോഡയും ശീതളപാനീയങ്ങളും ഉൾപ്പെടെയുള്ളവ വിപണിയിലെത്തിക്കാൻ കഴിയും.
കുപ്പിവെള്ള ഉൽപാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലെ പ്ലാന്റിൽ അധികമായി ഒരു പ്രൊഡക്ഷൻ ലൈൻകൂടി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.തോമസ് അധ്യക്ഷത വഹിച്ചു.
കെ.ഐ.ഐ.ഡി.സി സി.ഇ.ഒ എസ് തിലകൻ, ഹില്ലി അക്വ ജനറൽ മാനേജർ വി സജി, പ്ലാന്റ് മാനേജർ ജൂബിൾ മാത്യു, ജിമ്മി മറ്റത്തിപ്പാറ, യു.ആർ. പ്രമോദ് എന്നിവർ സംസാരിച്ചു.