കെ.എസ്.ആർ.റ്റി.സി സ്വിഫ്റ്റ് ബസിൽ ഓൺലൈനായി ബുക്ക് ചെയ്തിട്ടും യാത്രക്കിടെ വീണ്ടും ടിക്കറ്റ് എടുക്കിണ്ടി വന്നതായി പരാതി
കുമളി: കെ.എസ്.ആർ.റ്റി.സി സ്വിഫ്റ്റ് ബസിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും ബസിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്തതായി പരാതി. കുമളിയിൽ നിന്നും കണ്ണൂരിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി എബ്രഹാം ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
സംഭവത്തിൽ ഗതാഗത വകുപ്പ് മന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരനായ എബ്രഹാം പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി എബ്രഹാം കുമളിയിൽ നിന്നും കണ്ണൂരേക്കും തിരികെ കണ്ണൂരിനും വണ്ടിപ്പെരിയാറിലേക്കും യാത്ര ചെയ്യുന്ന വ്യക്തിയാണ്.
ഇദ്ദേഹത്തിന്റെ മകളും കുടുംബവും കണ്ണൂരിൽ താമസക്കാരായതിനാലാണ് എബ്രഹാം എല്ലാ മാസവും ഒരുതവണ കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നത്. സ്ഥിരമായി കെ.എസ്.ആർ.റ്റി.സിയിൽ യാത്ര ചെയ്യുന്ന തനിക്ക് കഴിഞ്ഞ ദിവസം നടത്തിയ കണ്ണൂർ യാത്രയിൽ ദുരനുഭവം ഉണ്ടായെന്നാണ് എബ്രഹാം പരാതി അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 28ന് കണ്ണൂരിലേക്കും തിരികെ ജനുവരി 30ന് വണ്ടിപ്പെരിയാറിലേക്കും ആണ് കെ.എസ്.ആർ.റ്റി.സി സ്വിഫ്റ്റ് ബസ്സിൽ എബ്രഹാം ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ കണ്ണൂരിലേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ടിക്കറ്റ് ലഭിച്ചതെന്നാണ് എബ്രഹാമിന്റെ പരാതി
കൂലി തൊഴിലാളിയായ ഇദ്ദേഹം കയ്യിൽ ഉണ്ടായിരുന്ന പണം ഉപയോഗിച്ചായിരുന്നു കെ.എസ്.ആർ.റ്റി.സി സ്വിഫ്റ്റ് ബസ്സിൽ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ തിരികെ ഉള്ള ടിക്കറ്റ് ലഭിക്കാത്തതിനാൽ കണ്ണൂരിൽ നിന്നും വായ്പ മേടിച്ച് തിരികെ യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും എബ്രഹാം പറഞ്ഞു.
ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടും നടപടി ഒന്നുമായില്ലെന്നും അറിയിച്ചു. നിർധനരായവർക്കുള്ള കെ.എസ്.ആർ.റ്റി.സി യാത്ര ചില ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ദുരനുഭവമായി മാറുകയാണ്. ഇതു കൊണ്ടൊക്കെയാണ് കെ.എസ്.ആർ.റ്റി.സി ആളുകൾ കയറാതെ നഷ്ടത്തിൽ ആവുന്നതെന്നും എബ്രഹാം തുറന്നടിച്ചു. തനിക്കുണ്ടായ ബുദ്ധിമുട്ടുകൾക്കും സാമ്പത്തിക നഷ്ടത്തിനും പരിഹാരം ഉണ്ടാവാത്ത പക്ഷം കോടതിയെ സമീപിക്കുവാൻ ഒരുങ്ങുകയാണ് ഇദ്ദേഹം.