കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം
കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ വിലങ്ങിപടിയിൽ ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ലിജോ മാത്യു(42), ഏറ്റുമാനൂർ കുന്താണിയിൽ വീട്ടിൽ കെ.ബി ഷംനാസ്(34) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരും സുഹൃത്തുക്കളും ചേർന്ന് ഫെബ്രുവരി 27ന് രാത്രി 11.30ന് കാണക്കാരി സ്വദേശിയായ യുവാവിന്റെ സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ലിജോ മാത്യു തന്റെ അമ്മയെയും, സഹോദരിയുടെ മക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടുകയും, തുടർന്ന് യുവാവിന്റെ സുഹൃത്ത് ഇവർക്ക് താമസിക്കുവാൻ തന്റെ വീട്ടിൽ സൗകര്യം നൽകുകയും ചെയ്തിരുന്നു.
ഇതിലുള്ള വിരോധം മൂലം യുവാവിന്റെ സുഹൃത്തിന്റെ വീട്ടിൽ ലിജോ മാത്യുവും സുഹൃത്തുക്കളും എത്തുകയും, ഇയാളെ ഹെൽമറ്റ് കൊണ്ട് മർദിക്കുകയുമായിരുന്നു.
ഇതുകണ്ട് തടയാൻ ശ്രമിച്ച യുവാവിനെ ഇവർ മർദിക്കുകയും, കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് ഇവർ സംഭവസ്ഥലത്തു നിന്ന് കടന്നു കളഞ്ഞു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തെരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ ബെന്നി തോമസ്, സി.പി.ഒമാരായ പ്രീതിജ്, അനീഷ്, ഡെന്നി പി ജോയ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഷംനാസ് ഏറ്റുമാനൂർ സ്റ്റേഷനിലെ ആന്റി സോഷ്യൽലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റു പ്രതികളെ പിടികൂടുന്നതിനായി തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.