തൃശൂരിൽ ബ്ലേഡ് കമ്പനി തട്ടിപ്പുകാരനും, കോൺഗ്രസ് അംഗത്വമില്ലാത്തയാളും പട്ടികയിൽ
തൃശൂർ: കെ.പി.സി.സിയുടെ സെക്രട്ടറിമാരുടെ പട്ടിക പുറത്തുവന്നപ്പോൾ ജില്ലയിൽനിന്ന് ബ്ലേഡ് കമ്പനി തട്ടിപ്പുകാരനും കോൺഗ്രസിന്റെ അംഗത്വം പോലുമില്ലാത്ത ആളും സെക്രട്ടറിമാരായി.
സഹകരണ പണം പലിശതട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന സതീഷ് കുമാറുമായി അടുത്ത ബന്ധമുള്ളയാളും സെക്രട്ടറി പട്ടികയിൽ ഇടംപിടിച്ചു. അതേസമയം ഒരു മഹിളയെപോലും പട്ടികയിൽ ഉൾപ്പെടുത്താഞ്ഞത് വൻ പ്രതിഷേധത്തിനിടയാക്കി.
സാധാരണക്കാരിൽനിന്ന് വൻതുക നിക്ഷേപംവാങ്ങി തിരികേ നൽകാതെ കേസിൽ കുടുങ്ങിക്കിടക്കുന്ന ഹിവാൻ ഫിനാൻസിയേഴ്സ് എം.ഡി.സി.എസ് ശ്രീനിവാസൻ, കോൺഗ്രസ്അംഗത്വം പോലും ഇല്ലെന്ന് ആരോപണം ഉയർന്ന ജോൺ ഡാനിയേൽ, പലിശപ്പണം തട്ടിപ്പുകാരൻ സതീഷ് കുമാറിന്റെ ഉറ്റ തോഴൻ രാജേന്ദ്രൻ അരങ്ങത്ത് എന്നിവരാണ് സെക്രട്ടറിമാരായത്.
അരങ്ങത്തിനെതിരെ ഇ.ഡി അന്വേഷണവും നടക്കുന്നുണ്ട്. പുനഃസംഘടന വൈകിയതോടെയാണ് പുതുമുഖങ്ങൾക്ക് അവസരം നൽകാതെ പഴയവരെതന്നെ നിലനിർത്തി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ ഉത്തരവ് പുറപ്പെടുവിച്ചത്. 77 അംഗ സെക്രട്ടറിമാരുടെ പട്ടികയാണ് പുറത്ത് വിട്ടത്.
കാലങ്ങളായി സെക്രട്ടറി പദവി കാത്തിരിക്കുന്ന റ്റി.വി ചന്ദ്രമോഹൻ, എൻ കെ സുധീർ, സുനിൽ ലാലൂർ, ജാക്സൺ തുടങ്ങിയ നേതാക്കളാരും സെക്രട്ടറി പട്ടികയിൽ കയറിക്കൂടിയില്ല.
ഇവർ കടുത്ത നിരാശയിലാണ്. ഇതോടെ പട്ടിക പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നു. നിലവിൽ ജില്ലയിൽ മണ്ഡലം ഭാരവാഹികളുടെ നിയമനം തന്നെ മൂന്നും നാലും തവണ വെട്ടിയും തിരുത്തിയുമാണ് അവസാനിപ്പിച്ചത്.
ചുമതലയേൽക്കലും വിവാദമായിരുന്നു. പലയിടത്തും സമാന്തര കമ്മിറ്റികളും വന്നു. വടക്കാഞ്ചേരിയിലും കൊടുങ്ങല്ലൂരിലും പ്രതിഷേധം തെരുവിൽവരെയെത്തിയിരുന്നു.
പുതിയ ഭാരവാഹി വിവാദം ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഉലയ്ക്കുമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾതന്നെ പറയുന്നു.