എം.വി.എ ചർച്ചകൾ അവസാനിപ്പിച്ചു; മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യം സീറ്റ് വിഭജനം പൂർത്തിയാക്കി
മുംബൈ: മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യം സീറ്റ് വിഭജനം പൂർത്തിയാക്കി. മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി (എംവിഎ) സംസ്ഥാനത്തെ ലോക്സഭാ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ അവസാനിപ്പിച്ചെന്നാണ് വിവരം.
റിപ്പോർട്ടുകൾ പ്രകാരം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) 20 സീറ്റുകളിലും കോൺഗ്രസ് 18 സീറ്റുകളിലും ബാക്കി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ബാക്കി 10 സീറ്റുകളിലും മത്സരിക്കും.
രാജു ഷെട്ടിയുടെ നേതൃത്വത്തിലുള്ള സ്വാഭിമാനി ഷേത്കാരി സംഘട്ടൻ പോലുള്ള ചെറു പാർട്ടികൾക്ക് അതത് സഖ്യ പങ്കാളികളിൽ നിന്ന് സീറ്റ് ലഭിക്കുമെന്ന് എംവിഎ വൃത്തങ്ങൾ പറയുന്നു.
കൂടാതെ, പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡി സഖ്യത്തിനു സമ്മതിക്കുകയാണെങ്കിൽ, ശിവസേനയുടെയും കോൺഗ്രസിന്റെയും ക്വോട്ടയിൽ നിന്ന് കുറഞ്ഞത് മൂന്ന് സീറ്റുകളെങ്കിലും അവർക്ക് നൽകിയേക്കാം.
80 സീറ്റുകളുള്ള ഉത്തർപ്രദേശിന് ശേഷം ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. 48 ലോക്സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.
കോൺഗ്രസ് നേതാക്കളായ നാന പടോലെ, പൃഥ്വിരാജ് ചവാൻ, വർഷ ഗെയ്ക്ക്വാദ്, എൻസിപി നേതാക്കളായ ജയന്ത് പാട്ടീൽ, ജിതേന്ദ്ര അവാദ്, അനിൽ ദേശ്മുഖ് എന്നിവരും സഞ്ജയ് റാവത്ത്, വിനായക് റാവത്ത് എന്നിവരുൾപ്പെടെ ശിവസേന പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സീറ്റ് വിഭജനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
വ്യാഴാഴ്ച സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ, മുതിർന്ന പാർട്ടി നേതാവ് ബാലാസാഹേബ് തോറാട്ട്, മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ എന്നിവർ ശരദ് പവാറുമായി സിൽവർ ഓക്കിലെ വസതിയിൽ ചർച്ച നടത്തി അന്തിമരൂപം നൽകി.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിച്ചെന്നും കൂടുതൽ യോഗങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും എൻസിപി നേതാവ് ജിതേന്ദ്ര അവാദ് പറഞ്ഞു.
48 ലോക്സഭാ സീറ്റുകളിലും സമഗ്രമായ ചർച്ച നടന്നതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. "ആരു എത്ര സീറ്റിൽ മത്സരിക്കുന്നു എന്നതല്ല ജയിക്കുക എന്നതാണ് പ്രധാനം.
ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണമാണ് ഞങ്ങളുടെ അജണ്ട, പ്രകാശ് അംബേദ്കറും ഇതേ വീക്ഷണം പുലർത്തുന്നു". അദ്ദേഹം പറഞ്ഞു.
2019 ലെ പൊതുതെരഞ്ഞെടുപ്പിൽ, സംസ്ഥാനത്തെ 23 ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി വിജയം ഉറപ്പിച്ചപ്പോൾ, സഖ്യകക്ഷിയായ ശിവസേന (അവരുടെ പിളർപ്പിന് മുമ്പ്)18 സീറ്റുകൾ നേടി.
അവിഭക്ത എൻസിപി നാല് സീറ്റും കോൺഗ്രസും എഐഎംഐഎമ്മും ഓരോ സീറ്റും നേടി. കൂടാതെ, ഒരു മണ്ഡലത്തിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്തു.