ശശി തരൂരിനെതിരേ യുവതിയുടെ മീ റ്റൂ ആരോപണം
ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിനെതിരേ മീ ടൂ ആരോപണവുമായി യുവതി. സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രൈയാണ് തരൂർ മോശമായി പെരുമാറിയെന്ന യുവതിയുടെ വെളിപ്പെടുത്തൽ പുറത്തു വിട്ടിരിക്കുന്നത്.
എക്സിലൂടെയാണ് ജയ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശശി തരൂരിൽ നിന്ന് മോശം അനുഭവമുണ്ടായതായി ഒരു പെൺകുട്ടി തന്നോട് വെളിപ്പെടുത്തിയതായാണ് ജയ് കുറിച്ചത്. പെൺകുട്ടി തനിക്കയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടും പങ്കു വച്ചിട്ടുണ്ട്.
2022 ഒക്റ്റോബറിൽ തരൂരിന്റെ ബി.ആർ അംബേദ്കർ ദി മാൻ ഹു ഗേവ് ഹോപ് ടു ഇന്ത്യാസ് ഡിസ്പോസെസ്ഡെന്ന പുസ്തകത്തിന്റെ പ്രകാശന ദിനത്തിലാണ് ആദ്യമായി തനിക്ക് ദുരനുഭവമുണ്ടായതെന്നാണ് പെൺകുട്ടി പറയുന്നത്. താൻ തരൂരിന്റെ ഒരു ആരാധികയായിരുന്നു.
പുസ്തക പ്രകാശനത്തിനു ശേഷം അൽപ്പ നേരം തരൂരുമായി സംസാരിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം കൈയിൽ പിടിച്ച് സംസാരിച്ചപ്പോൾ അസ്വസ്ഥത തോന്നി.
കാരണം അദ്ദേഹം അനാവശ്യമായി കൈയിൽ അമർത്തിയിരുന്നു. അതു മാത്രമല്ല സംസാരിക്കുന്ന സമയത്തെല്ലാം തരൂർ തന്റെ കണ്ണുകളിലേക്ക് നോക്കാതെ ശരീരഭാഗങ്ങളിലേക്ക് നോക്കി സംസാരിച്ചതും തന്നെ അസ്വസ്ഥയാക്കി.
പക്ഷേ, അതു മനഃപൂർവം ചെയ്യുന്നതായിരിക്കില്ല എന്നാണ് താൻ കരുതിയത്. താൻ അത്രയേറെ ആരാധിക്കുന്നൊരു വ്യക്തി ഇത്തരത്തിൽ മോശമായി പെരുമാറുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു.
അതിനു ശേഷം അമൃത് മാധുറിന്റെ പുസ്തക പ്രകാശനച്ചടങ്ങിൽ തരൂരിനെ വീണ്ടും കണ്ടു. ആ സമയത്തും തരൂർ അസ്വസ്ഥപ്പെടുത്തും വിധം ശരീരത്തിലേക്ക് തുറിച്ചു നോക്കിയിരുന്നുവെന്നും പെൺകുട്ടി പറയുന്നു.
ജയ് ഇതിനു മുൻപും തരൂരിനെതിരേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. താനും തൃണമൂൽ നേതാവും മുൻ എംപിയുമായ മഹുവ മൊയ്ത്രിയും ഒരുമിച്ചുള്ളപ്പോൾ തരൂർ ഒരു സ്ത്രീയോട് മോശമായി പെരുമാറിയത് നേരിട്ടു കണ്ടുവെന്നും തരൂരിനെ പാർലമെന്റിലേക്കല്ല ജയിലിലേക്കാണ് അയക്കേണ്ടതെന്നും ജയ് ഒരിക്കൽ എക്സിൽ കുറിച്ചിരുന്നു.
തരൂരിനെതിരേയുള്ള ട്വീറ്റുകൾ കണ്ട ധൈര്യത്തിലാണ് തരൂരിൽ നിന്നുമുണ്ടായ മോശം ആരോപണം പങ്കു വയ്ക്കുന്നതെന്നും പെൺകുട്ടി സന്ദേശത്തിൽ കുറിച്ചിട്ടുണ്ട്.
മഹുവ മൊയ്ത്രയുടെ മുൻ കാമുകൻ കൂടിയാണ് ജയ്. പിന്നീട് ഇരുവരും പിരിഞ്ഞതിനു പിന്നാലെയാണ് മഹുവയെ ലോക്സഭയിൽ നിന്ന് പുറത്താക്കാൻ പോലും ഇടയാക്കിയ ചോദ്യത്തിനു പണം വാങ്ങിയെന്ന ആരോപണം പോലും ഉയരുന്നത്.
ഇത്തരമൊരു ആരോപണം ഉന്നയിക്കാൻ ബി.ജെ.പി നേതാവ് നിിഷികാന്ത് ദുബേയ്ക്ക് അടിസ്ഥാന വിവരങ്ങൾ നൽകിയത് ജയ് ആയിരുന്നു.