ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കേരളത്തിലേതുൾപ്പെടെ 150 ഓളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചേക്കുക.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയാകും ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുക. സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനായി ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം വ്യാഴാഴ്ച രാത്രി ഡൽഹിയിൽ ചേർന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിങ്ങ, പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവർ പങ്കെടുത്തു. രാത്രി 10.30ന് ആരംഭിച്ച യോഗം നാല് മണിക്കൂറിലേറെ നീണ്ടു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്തിലെ ഭൂപേന്ദ്ര പട്ടേൽ, മധ്യപ്രദേശിലെ മോഹൻ യാദവ്, ഛത്തീസ്ഗഡിലെ വിഷ്ണു ദേവ് സായ്, ഉത്തരാഖണ്ഡിലെ പുഷ്കർ സിംഗ് ധാമി, ഗോവയിൽ നിന്നുള്ള പ്രമോദ് സാവന്ത് എന്നിവരുൾപ്പെടെ സംഘടനാ ചുമതലയുള്ളവരും ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി.
കെ സുരേന്ദ്രന്, വി മുരളീധരന് എന്നിവരും കേന്ദ്രനേതാക്കളെ കണ്ടു. കഴിഞ്ഞ തവണ 303 സീറ്റുകളാണ് ബി.ജെ.പി വിജയിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച പല പ്രമുഖരെയും ഒഴിവാക്കി പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥികൾ ആക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.