പൂക്കോട് സംഭവത്തിൽ ഒരാളെയും സംരക്ഷിക്കില്ലെന്ന് എസ്.എഫ്.ഐ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവമായി ബന്ധപ്പെട്ട് വസ്തുതകളെ വളച്ചൊടിച്ച് സംഘടനയെ ആക്രമിക്കാനുള്ള ശ്രമം പൊതുസമൂഹം തിരിച്ചറിയണമെന്ന് എസ്.എഫ്.ഐ.
ഇത്തരം പ്രശ്നങ്ങളിൽ ഉൾപ്പെട്ട ഒരാൾക്കും സംരക്ഷണം കൊടുത്ത പാരമ്പര്യം എസ്.എഫ്.ഐക്ക് ഇല്ല, ഇനിയൊരാളെയും സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും എസ്.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു.
വിദ്യാർത്ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കോളേജ് നടത്തിയ പ്രാഥമികാന്വേഷണത്തിലും, പോസ്റ്റു മോർട്ടം റിപ്പോർട്ടിലും ആത്മഹത്യ ചെയ്തതിൻ്റെ ദിവസങ്ങൾക്ക് മുമ്പ് വിദ്യാർത്ഥി മർദ്ദിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു.
പ്രസ്തുത വിഷയത്തിൽ 12 വിദ്യാർത്ഥികളെ കോളേജ് സസ്പെൻഡ് ചെയ്ത ഉടൻ തന്നെ യൂണിറ്റ് കമ്മിറ്റി യോഗം ചേർന്ന് അതിൽ ഉൾപ്പെട്ട നാല് എസ്.എഫ്.ഐ പ്രവർത്തകരെ സംഘടനയിൽ നിന്ന് പുറത്താക്കിയതാണ്.
വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവന ഇറക്കുകയും ചെയ്തു.
ഇതെല്ലാം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് കിട്ടിയ അവസരം ഉപയോഗിച്ച് എസ്എഫ്ഐയെ വേട്ടയാടാനും, വിദ്യാർത്ഥികൾക്കിടയിൽ നടന്ന സംഘർഷത്തിന് രാഷ്ട്രീയനിറം നൽകാനും ചില കേന്ദ്രങ്ങളിൽ നിന്ന് ബോധപൂർവമായ ശ്രമം ഉണ്ടാകുന്നത്.
സഖാവ് ധീരജ് രാജേന്ദ്രനെ കൊലചെയ്ത ക്രിമിനലുകളെ ഇടവും വലവും നിർത്തിയാണ് പ്രതിപക്ഷ നേതാവും, കെ.എസ്.യുവും എസ്.എഫ്.ഐ ഒരു പങ്കുമില്ലാത്ത വിഷയത്തിൽ എസ്എഫ്ഐയുടെ ചോര കുടിക്കാൻ ശ്രമിക്കുന്നത്.
ഇത്തരം പ്രശ്നങ്ങളിൽ ഉൾപ്പെട്ട ഒരാൾക്കും സംരക്ഷണം കൊടുത്ത പാരമ്പര്യം എസ്.എഫ്.ഐക്ക് ഇല്ല, ഇനിയൊരാളെയും സംരക്ഷിക്കാൻ എസ്.എഫ്.ഐ ഉദ്ദേശിക്കുന്നുമില്ല.
ക്യാമ്പസുകളിൽ എന്തിൻ്റെ പേരിലായാലും ഒരു വിദ്യാർത്ഥി ആക്രമിക്കപ്പെടുന്നതും, ആത്മഹത്യ ചെയ്യുന്നതുമെല്ലാം ദൗർഭാഗ്യകരവും, എസ്.എഫ്.ഐക്ക് അംഗീകരിക്കാൻ കഴിയാത്തതുമാണ്.
ആയതിനാൽ വയനാട് വെറ്ററിനറി സർവകലാശാല ക്യാപസിൽ നടന്ന സംഘർഷത്തെ സംബന്ധിച്ചും, വിദ്യാർത്ഥിയുടെ ആത്മഹത്യയെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ സത്യങ്ങളും പുറത്ത് കൊണ്ടു വരണമെന്നും, ഒരു വിദ്യാർത്ഥിയുടെ മരണം കേവല രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്ന പ്രവർത്തനം വലതുപക്ഷ സംഘടനകൾ അവസാനിപ്പിക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.