ഇടുക്കിയിലെ തോട്ടം മേഖലകളിൽ പാർത്തീനിയം ചെടി തഴച്ചു വളരുന്നു, വെട്ടിനശിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ഇടുക്കി: തോട്ടം മേഖലകളിലെ എസ്റ്റേറ്റ് ലയങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ രോഗം പരത്തുന്ന പാർത്തീനിയം ചെടി തഴച്ചു വളരുന്നത് വെട്ടി നശിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
അലർജി ത്വക്ക് രോഗം ശ്വാസനാള സംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാവുന്ന ചെടികൾ വെട്ടി നശിപ്പിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. വേനൽ ശക്തമായതോടെ ചെടിയിലെ പൂക്കൾ ഉണങ്ങി കാറ്റിൽ പറന്ന് രോഗ സാധ്യതകൾ വർദ്ധിക്കുമെന്നുമാണ് വിലയിരുത്തൽ.
ആസ്റ്റർ വിഭാഗത്തിൽപ്പെടുന്ന പാർത്തീനിയം ചെടി അലർജിക്ക് കാരണമാവാറുണ്ട്. ഇതിന്റെ സാമീപ്യം പലരുടേയും ദേഹത്ത് ചൊറിച്ചിലും തടിപ്പും ഉണ്ടാക്കും.
പാർത്തീനിയത്തിൽ അടങ്ങിയിരിക്കുന്ന പാർത്തെനിൻ അലർജ്ജിയുണ്ടാക്കുന്നു. ത്വക്ക് രോഗങ്ങളും ശ്വാസകോശ രോഗങ്ങളും മനുഷ്യർക്ക് ഉണ്ടാക്കുന്നു ഇത് പ്രധാനമായും പൂമ്പൊടിയുടെ അലർജ്ജിയാണ്.
ശ്വാസനാള സംബന്ധമായ അസ്വസ്ഥതകളുള്ളവർക്ക് പാർത്തീനിയത്തിന്റെ പൂമ്പൊടിയുള്ള വായു ശ്വസിക്കുന്നത് തുടർച്ചയായ തുമ്മൽ, മൂക്കടപ്പ്, കണ്ണിൽ നിന്നും വെള്ളം വരുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
ഇത്തരത്തിൽ രോഗ കാരണങ്ങളാവുന്ന പാർത്തീനിയം ചെടികളാണ് എസ്റ്റേറ്റ് മേഖലകളിലെ ലയങ്ങൾക്ക് സമീപവും വഴിയരികുകളിലും തഴച്ച് വളർന്ന് രോഗ ഭീതി പരത്തുന്നത്.
എല്ലാ വർഷങ്ങളിലും ഇത്തരം ചെടികൾ അടക്കമുള്ള കാടുകൾ എസ്റ്റേറ്റ് അധികൃതർ വെട്ടി നശിപ്പിക്കാറുള്ളതാണ്. എന്നാൽ വേനൽ കടുത്ത് ചെടികളിലെ പൂവുകൾ ഉണങ്ങി ഇവ കാറ്റിൽ പറന്ന് രോഗ കാരണമായേക്കാവുന്ന സ്ഥിതി രൂക്ഷമായിട്ടും പല സ്ഥലങ്ങളിലും ഇവ വെട്ടിനശിപ്പിച്ചിട്ടില്ലെന്ന പരാതിയാണ് വ്യാപകമായി ഉയരുന്നത്.
പ്രായമായവരും രോഗാവസ്ഥയിലുമുള്ള ജനങ്ങൾ പാർക്കുന്ന എസ്റ്റേറ്റ് മേഖലകളിൽ തഴച്ചു വളരുന്ന പാർത്തീനിയം ചെടികൾ വെട്ടി നശിപ്പിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
ജനങ്ങളുടെ സുരക്ഷയ്ക്കായി ഈ വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടെ ഇടപെടൽ ഉണ്ടാവണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
ഉപ്പുലായിനി തളിക്കുന്നത് ഈ കളയെ ഉണക്കാൻ പര്യാപ്തമാണ് ആയതിനാൽ പാർത്തീനിയം ചെടികൾ വെട്ടി നശിപ്പിക്കാത്ത പക്ഷം ഈ മാർഗ്ഗം ഉപയോഗിച്ചെങ്കിലും രോഗ കാരണങ്ങൾക്ക് വഴി തെളിക്കുന്ന ചെടികൾ നശിപ്പിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.