ഹിമാചൽ പ്രദേശ് നിയമസഭയിൽ ബി.ജെ.പി അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നു
ഡെറാഡൂൺ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ്ങിലൂടെ അട്ടിമറി വിജയം നേടിയതിനു പിന്നാലെ ഹിമാചൽ പ്രദേശ് നിയമസഭയിൽ ബി.ജെ.പി അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നു.
പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂർ അടക്കമുള്ള ബി.ജെ.പി എം.എൽ.എമാർ ബുധനാഴ്ച രാവിലെ ഗവർണർ ശിവ് പ്രതാപ് ശുക്ലയെ സന്ദർശിച്ചിരുന്നു.
ഏക രാജ്യസഭാ സീറ്റിൽ പരാജയപ്പെട്ട കോൺഗ്രസിന് അധികാരത്തിലിരിക്കാൻ ധാർമികമായ അവകാശം നഷ്ടപ്പെട്ടെന്ന് ഠാക്കൂർ.
ചില കോൺഗ്രസ് എം.എൽ.എമാർ എതിർ സ്ഥാനാർഥിക്ക് വോട്ട് ചെയ്തതോടെയാണ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയും ദേശീയ നേതാവുമായ മനു അഭിഷേക് സിങ്വി പരാജയപ്പെട്ടത്.
ബി.ജെ.പി സ്ഥാനാർഥി ഹർഷ് മഹാജനും സിങ്വിക്കും ഒരേ വോട്ട് നില വന്നപ്പോൾ നറുക്കെടുപ്പിലൂടെയാണ് ജേതാവിനെ തീരുമാനിച്ചത്. ബജറ്റ് സെഷൻ കഴിയും മുൻപു തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബി.ജെ.പി നീക്കം.
ഇതിനിടെ, ബജറ്റ് പാസാക്കാൻ ശബ്ദ വോട്ടിനു പകരം രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യവും സ്പീക്കർക്കു മുന്നിൽ പാർട്ടി എം.എൽ.എമാർ ഉന്നയിച്ചിട്ടുണ്ട്.
ബാലറ്റിലൂടെ ബജറ്റ് പാസാക്കാൻ സാധിച്ചില്ലെങ്കിലും സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതായി കണക്കാക്കും.
68-അംഗ ഹിമാചൽ നിയമസഭയിൽ കോൺഗ്രസിന് 40 എം.എൽ.എമാരുണ്ട്. ബി.ജെ.പിക്ക് 25 മാത്രം. എന്നിട്ടും രാജ്യസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ഭരണകക്ഷിക്കു സാധിച്ചില്ല.
ആറ് കോൺഗ്രസ് എം.എൽ.എമാരും കോൺഗ്രസിനെ പിന്തുണച്ചിരുന്ന മൂന്നു സ്വതന്ത്രരും ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്തെന്നാണ് കണക്കാക്കുന്നത്.