വെടിനിർത്തൽ പ്രതീക്ഷയെന്ന് ബൈഡന്
ഗാസ സിറ്റി: പാരീസിലും ദോഹയിലും നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഗാസയിൽ റംസാൻ മാസത്തിനു മുമ്പ് വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്.
ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട കരാറിലെത്തിയാൽ ഗാസയിൽ താൽക്കാലിക വെടിനിർത്തലിന് ഇസ്രയേൽ തയ്യാറാണെന്ന് ബൈഡൻ പറഞ്ഞു.
അടുത്ത ആഴ്ചയോടെ ആറ് ആഴ്ചത്തെ വെടിനിർത്തലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്ദികളെ വിട്ടയക്കുന്നതിന് പകരമായി പലസ്തീൻ തടവുകാരെ വിട്ടയക്കുമെന്നും ബൈഡൻ പറഞ്ഞു.
എന്നാല്‍, ബൈഡന്റെ പ്രസ്താവന യാഥാർഥ്യ ബോധമില്ലാത്തതാണെന്ന് ഹമാസ് പ്രതികരിച്ചു. ബൈഡന്റെ അഭിപ്രായ പ്രകടനം ആശ്ചര്യപ്പെടുത്തിയെന്നും നേതൃത്വവുമായി ആലോചിച്ചല്ല അഭിപ്രായ പ്രകടനമെന്നും ഇസ്രയേൽ അധികൃതരും പറഞ്ഞു.
ചർച്ചകൾ തുടരുന്നതിനാൽ ഇതിന്റെ വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 40 ബന്ദികൾക്ക് പകരം 400 പലസ്തീൻ തടവുകാരെ വിട്ടയക്കാനാണ് കരാറെന്നാണ് അനൗദ്യോഗിക വിവരം.
അതേസമയം, ഗാസയിൽ പട്ടിണി പടരുകയാണ്. ഗാസ സിറ്റിയിൽ ഭക്ഷണത്തിനായി വരിനിൽക്കുന്നവരെയും ഇസ്രയേൽ കൊന്നൊടുക്കി.
അടിസ്ഥാന ആവശ്യങ്ങൾ നൽകുകയെന്ന പട്ടിണിയെ കുറിച്ചുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സുപ്രധാന വ്യവസ്ഥ ഇസ്രയേൽ അവഗണിക്കുകയാണെന്ന് ഒക്സ്ഫാം പറഞ്ഞു. ഇസ്രയേൽ കൂട്ടക്കുരുതിയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 29,878 ആയി.