അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ പ്രയാസം അനുഭവിച്ച് വെള്ളത്തൂവല്‍ പ്രദേശവാസികൾ
ഇടുക്കി: കുടിവെള്ളം, യാത്രാ യോഗ്യമായ റോഡ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ പ്രയാസം അനുഭവിക്കുന്നവരാണ് വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഒരു പറ്റം കുടുംബങ്ങള്‍.
പ്രളയാനന്തരം വീടും സ്ഥലവും നഷ്ടമായതിനെ തുടര്‍ന്നായിരുന്നു വിവിധയിടങ്ങളില്‍ നിന്നുള്ള ആളുകളെ ഇവിടെ പുനരധിവസിപ്പിച്ചത്. എന്നാലിന്ന് കുടിവെള്ളവും മെച്ചപ്പെട്ട റോഡുമില്ലാതെ ഈ കുടുംബങ്ങള്‍ ബുദ്ധിമുട്ടുകയാണ്.
2018ല്‍ ഉണ്ടായ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടമായ വിവിധ മേഖലയില്‍ നിന്നുള്ള 36 കുടുംബങ്ങളെ കെഎസ്ഇബി വിട്ടു നല്കിയ വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഈ മലമുകളിലാണ് പുനരധിവസിപ്പിച്ചത്.
എന്നാല്‍ വേനലക്കാലമാരംഭിച്ചതോടെ ഇവര്‍ നേരിടുന്നത് വലിയ ദുരിതമാണ്. കുടിക്കാനും കുളിക്കാനും ഒരു തുള്ളി വെള്ളമില്ല.
മുമ്പ് പ്രദേശത്ത് പഞ്ചായത്ത് ടാങ്ക് സ്ഥാപിച്ച് വെള്ളമെത്തിക്കാനുള്ള ഇടപെടല്‍ നടത്തിയിരുന്നു. കുറച്ച് കാലം വെള്ളം ലഭിക്കുകയും ചെയ്തു.എന്നാലിപ്പോള്‍ വെള്ളം ലഭിക്കാത്ത അവസ്ഥയാണെന്ന് കുടുംബങ്ങള്‍ പരാതിപ്പെടുന്നു.
വെള്ളം ഇല്ലാതായതോടെ പലരും വാടക വീടുകള്‍ എടുത്ത് ഇവിടെ നിന്നും താമസം മാറി കഴിഞ്ഞു. ശേഷിക്കുന്നവരാകട്ടെ വലിയ ബുദ്ധിമുട്ടിലുമാണ്. കുടിവെള്ളം മാത്രമല്ല ഇവിടേക്കുള്ള റോഡിന്റെ അവസ്ഥയും പരിതാപകരം തന്നെ.
കഴിഞ്ഞ കുറച്ച് നാളുകളായി പറഞ്ഞറിയിക്കാനാകാത്ത ദുരിതം തങ്ങള്‍ അനുഭവിക്കുന്നുവെന്ന് കുടുംബങ്ങള്‍ പറയുന്നു.
പ്രശ്ന പരിഹാരത്തിന് ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.വേനല്‍ കനക്കുന്നതോടെ സ്ഥിതി സങ്കീര്‍ണ്ണമായാല്‍ എന്ത് ചെയ്യുമെന്ന ആവലാതിയും കുടുംബങ്ങള്‍ പങ്ക് വച്ചു.