കോഴിക്കോട്ടും കാക്കനാട്ടും ഭക്ഷ്യപരിശോധനയ്ക്ക് വേണ്ടിയുള്ള ആധുനിക
മൈക്രോബയോളജി ലാബ് ആരംഭിച്ചു
കോഴിക്കോട്: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിനായി കോഴിക്കോട്, കാക്കനാട് അനലറ്റിക്കൽ ലാബോറട്ടറികളിൽ സജ്ജീകരിച്ച ആധുനിക മൈക്രോബയോളജി ലാബുകൾ ഉദ്ഘാടനം ചെയ്തു.
ഓൺലൈനായി നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലാബുകൾ ഉദ്ഘാടനംചെയ്തത്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഭക്ഷ്യപരിശോധനാ ലാബുകളെ ശാക്തീകരിക്കാൻ നടപ്പാക്കുന്ന സെൻട്രൽ സെക്ടർ സ്കീം പ്രകാരമാണ് പദ്ധതി.
ഭക്ഷ്യ പരിശോധനാ ലാബുകളുടെ നവീകരണത്തിന് 4.5 കോടി രൂപ വീതമാണ് അനുവദിച്ചത്. ഭക്ഷ്യവസ്തുക്കളുടെ പഴക്കം, ബാക്ടീരിയ, ഫംഗസ് സാന്നിധ്യം, അവയുടെ എണ്ണം എന്നിവയിൽ സൂക്ഷ്മവും കൃത്യവുമായ ഫലത്തിന് ലാബുകളെ ആശ്രയിക്കാം.
ഡൽഹി ആസ്ഥാനമായുള്ള ഏഷ്യൻ സയന്റിഫിക് ഏജൻസീസ് എന്ന കമ്പനിയാണ് മൈക്രോബയോളജി ലാബുകളുടെ നിർമാണ കരാറുകാർ. ലാബുകൾക്ക് അനുവദിച്ച തുകയിൽ ലാബുകളുടെ അടിസ്ഥാന സൗകര്യ വികസനവും ലാബ് ഉപകരണങ്ങളും മൂന്ന് വർഷത്തേക്കുള്ള കരാറടിസ്ഥാനത്തിലുള്ള മാനവവിഭവശേഷിയും ഉൾപ്പെടും.
പ്രവർത്തനങ്ങൾക്ക് 150 കെവി വൈദ്യുതി വേണ്ടതിനാൽ ഹൈ ടെൻഷൻ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ വാർഷിക പദ്ധതിയിൽ തുക അനുവദിച്ചിരുന്നു.
എഫ്എസ്എസ്എഐ മാനദണ്ഡപ്രകാരം മൈക്രോബയോളജി പരിശോധനക്ക് സുപ്രധാന പങ്കുണ്ട്. സംസ്ഥാന ഭക്ഷ്യ പരിശോധനാ ലാബുകളിൽ കെമിക്കൽ വിഭാഗത്തിന് മാത്രമാണ് നിലവിൽ എൻ.എ.ബി.എൽ അംഗീകാരമുള്ളത്.
പുതിയ ലാബുകൾ പ്രവർത്തനം തുടങ്ങി എൻഎബിഎൽ അംഗീകാരം ലഭിക്കുന്നതോടെ ഭക്ഷ്യവസ്തുക്കളുടെ പരിശോധനയിൽ സൂക്ഷ്മവും കൃത്യവുമായ പരിശോധന ഉറപ്പാക്കാനാകും. ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിൽ ഒന്നാമതാണ് കേരളം.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മാൻസുഖ് മാണ്ഡ, സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവരും ഓൺലൈൻ ചടങ്ങിൽ പങ്കെടുത്തു.
കോഴിക്കോട് മലാപ്പറമ്പിലെ റീജണൽ ലബോറട്ടറിയിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, എം.കെ രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മേയർ ഡോ. ബീന ഫിലിപ്പ് എന്നിവർ അതിഥികളായി.