ഗാസയിൽ ഭക്ഷണം കിട്ടാതെ മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു, കൂട്ടത്തിൽ
കൈ കുഞ്ഞും
ഗാസ സിറ്റി: ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്ന ഗാസയിൽ പട്ടിണി മരണങ്ങളും പെരുകുന്നു. രണ്ട് മാസം പ്രായമായ കുഞ്ഞ് വിശന്ന് മരിച്ചു. മഹ്മൂദ് ഫത്തോഹെന്ന കുഞ്ഞാണ് ഗാസ സിറ്റിയിലെ അൽഷിഫ ആശുപത്രിയിൽ വെള്ളിയാഴ്ച മരിച്ചത്.
ഗാസയിൽ കൂട്ടശിശു മരണമുണ്ടാകുമെന്ന് ഐക്യരാഷ്ട്ര സംഘടന ദിവസങ്ങൾക്കുമുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. പോഷകാഹാര കുറവു മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
ഒരു സ്ത്രീ കുഞ്ഞുമായി സഹായത്തിനായി നിലവിളിക്കുന്നത് ഞങ്ങൾ കണ്ടു. കുഞ്ഞ് അവസാന ശ്വാസം എടുക്കുന്നതായി തോന്നി. ഞങ്ങൾ അവനെ ആശുപത്രിയിൽ എത്തിച്ചു.
ഗാസയിൽ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പാൽ പൂർണമായും ഇല്ലാതായതിനാൽ ദിവസങ്ങളോളം മഹ്മൂദിന് പാൽ ലഭിച്ചിരുന്നില്ലെന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഭക്ഷണം ലഭിക്കാത്തതിനാൽ അമ്മമാർക്കും മുലയൂട്ടാനാകാത്ത സ്ഥിതിയാണ്.
ഒക്ടോബറിൽ യുദ്ധത്തിന്റെ തുടക്കത്തിൽ ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവും ഇന്ധനവും വിച്ഛേദിച്ച ഇസ്രയേൽ ഡിസംബറിൽ ജീവകാരുണ്യ സഹായമെത്തിക്കാൻ ഒരു കവാടം തുറന്നിരുന്നു.
ഇസ്രയേൽ സൈന്യത്തിന്റെ കർശന പരിശോധനകളും കരേം അബു സലേം ഇടനാഴിയിൽ തീവ്ര വലതുപക്ഷ പ്രകടനക്കാരുടെ പ്രതിഷേധവും ഭക്ഷണ ട്രക്കുകൾ ഗാസയിൽ പ്രവേശിക്കുന്നതിനെ തടസ്സപ്പെടുത്തുന്നുണ്ട്.
ഭക്ഷണ ട്രക്കുകൾ ഗാസയിൽ എത്തിയാലും സുരക്ഷാ പ്രശ്നങ്ങളും ഇന്ധനദൗർലഭ്യവും കാരണം വിതരണം നടത്താനാകാത്ത സ്ഥിതിയാണെന്ന് വിവിധ ഏജൻസികളുടെ പ്രവർത്തകർ പറഞ്ഞു. ട്രക്കുകൾക്ക് സുരക്ഷയൊരുക്കുന്ന പൊലീസുകാരെയും ഇസ്രയേൽ ആക്രമിക്കുകയാണ്.
അമ്മമാർക്ക് പോഷകാഹാരം ലഭിക്കാത്തതിനാൽ നവജാത ശിശുക്കളിൽ വിളർച്ചയും അനാരോഗ്യവുമുണ്ടെന്ന് കമൽ അദ്വാൻ ആശുപത്രി മേധാവി ഡോ. ഹുസ്സം അബു സഫിയ പറഞ്ഞു.
യു.എൻ ഏജൻസികൾക്ക് പോലും സഹായം എത്തിക്കാനാനാകുന്നില്ല. ഗാസയിലെ അഞ്ച് വയസ്സിന് താഴെയുള്ളവരിൽ 90 ശതമാനവും ഒന്നോ അതിലധികമോ പകർച്ച വ്യാധികൾ ബാധിച്ചിട്ടുണ്ട്.
വടക്കൻ ഗാസയിൽ രണ്ട് വയസ്സിന് താഴെയുള്ളവരിൽ 15 ശതമാനം പോഷകാഹാര കുറവ് അനുഭവിക്കുന്നുണ്ടെന്നും യു.എൻ പറഞ്ഞു.