വഴിയാത്രക്കാരന്റെ ദേഹത്ത് കാർ തട്ടി, തൊടുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ചു, കാർ കത്തിക്കാൻ ശ്രമിച്ചു
തൊടുപുഴ: വഴിയാത്രക്കാരന്റെ ദേഹത്ത് കാർ തട്ടിയതുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ചെത്തിയത് സംഘർഷത്തിനിടയാക്കി.
കരിങ്കുന്നം ടൗണിൽ വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. പോലീസും നാട്ടുകാരും ഏറെ നേരം പണിപ്പെട്ടാണ് ഇവരെ ടൗണിൽ നിന്നു തിരിച്ചയച്ച് സംഘർഷാവസ്ഥയ്ക്ക് അയവു വരുത്തിയത്.
പ്രകോപിതരായ ഇരുന്നൂറോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ മണ്ണെണ്ണയൊഴിച്ച് കാർ കത്തിക്കാൻ ശ്രമിച്ചതായും നാട്ടുകാർ പറഞ്ഞു.
കരിങ്കുന്നം ടൗണിൽ പോലീസ് സ്റ്റേഷനു മുന്നിൽ വച്ച് ഇടുക്കി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ലോട്ടറി കടയിലിടിക്കുകയും വഴിയാത്രക്കാരനായ തൊഴിലാളിയുടെ ദേഹത്ത് തട്ടുകയുമായിരുന്നു.
പരിക്കേറ്റ ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഇതോടെ പ്രകോപിതരായി വാഹനത്തിലുണ്ടായിരുന്നവരെ മർദിക്കാൻ ശ്രമിച്ചു.
ഇതു വാഹനത്തിലുണ്ടായിരുന്നവർ ചെറുക്കാൻ ശ്രമിച്ചപ്പോൾ സമീപത്തെ ലേബർ ക്യാമ്പിൽ നിന്നുള്ള മറ്റു തൊഴിലാളികളെക്കൂടി അക്രമിസംഘം വിളിച്ചു വരുത്തി.
മിനിറ്റുകൾക്കുള്ളിൽ ഇരുനൂ റോളം ഇതര സംസ്ഥാന തൊഴിലാളികൾ സ്ഥലത്ത് സംഘടിച്ചെത്തി. ഇതു കണ്ട് ഭയന്ന കാർ യാത്രികർ ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
ഇതിനിടെ ലേബർ ക്യാമ്പിൽ നിന്നെത്തിയ തൊഴിലാളികൾ മണ്ണെണ്ണ ഒഴിച്ച് കാർ കത്തിക്കാൻ ശ്രമിച്ചതായും പറയപ്പെടുന്നു.
ബഹളം കേട്ട് കരിങ്കുന്നം സ്റ്റേഷനിൽ നിന്നും പോലീസ് ഓടിയെത്തിയെങ്കിലും അക്രമികളെ നിയന്ത്രിക്കാനായില്ല. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തുകയും ഒപ്പം നാട്ടുകാരും കൂടിയാണ് സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാക്കിയത്.
അര മണിക്കൂറോളം സംഘർഷാവസ്ഥ നീണ്ടു നിന്നതിനെ തുടർന്ന് തൊടുപുഴ - പാലാ റൂട്ടിലെ ഗതാഗതം തടസപ്പെടുകയും ചെയ്തു. കാറിന് മുകളിൽ മണ്ണെണ്ണ ഒഴിച്ചെങ്കിലും തീയിടാത്തതിനാൽ വൻ ദുരന്തം ഒഴിവായതായി നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ അപകടത്തിൽപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാർ ഡ്രൈവർക്കെതിരെ കേസെടുത്തു.
എന്നാൽ, അക്രമം നടത്തുന്നതിനായി സംഘടിച്ചെത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത അതിഥി തൊഴിലാളികൾക്കെതിരെ കേസെടുക്കാൻ പോലീസ് തയാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഇടുക്കി ജില്ലയിൽ ഔദ്യോഗിക കണ ക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇതര സംസ്ഥാന തൊഴിലാ ളികളുള്ളത് കരിങ്കുന്നം പഞ്ചായത്തിലാണ്.
കരിങ്കുന്നം ടൗണി നോടു ചേർന്നുള്ള കെട്ടിടങ്ങൾക്കു മുകളിലും മറ്റുമായുള്ള ലേബർ ക്യാമ്പിൽ മാത്രം അഞ്ഞൂറി ലധികം തൊഴിലാളികൾ താമസിക്കുന്നുണ്ട്.
അക്രമ സ്വഭാവത്തോടെ ഇവർ സംഘടിച്ചെത്തിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് കേസെടുക്കണമെന്നും ഇ വർക്കിടയിൽ അക്രമ സ്വഭാവമുള്ളവർ ഉണ്ടോയെന്ന് പരിശേധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.