ഡൽഹിയിൽ 4 സീറ്റിൽ എ.എ.പി, 3 സീറ്റിൽ കോൺഗ്രസ്
ന്യൂഡൽഹി: ഡൽഹിയിൽ സീറ്റ് വിഭജനം പൂർത്തിയാക്കിയതായി കോൺഗ്രസ് - എ.എ.പി സഖ്യം. മൂന്നു സീറ്റിൽ കോൺഗ്രസും നാലു സീറ്റിൽ എ.എ.പിയും മത്സരിക്കും.
ന്യൂഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി സീറ്റുകളിലാണ് എ.എ.പി മത്സരിക്കുക. ചാന്ദ്നി ചൗക്ക്, വടക്കു - കിഴക്കൻ ഡൽഹി, വടക്കു പടിഞ്ഞാറൻ ഡൽഹി സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക് വ്യക്തമാക്കി.
ഡൽഹിയിലെ ഏഴ് സീറ്റുകളും സ്വന്തമാക്കാനാണ് സഖ്യം ശ്രമിക്കുന്നത്. സഖ്യം മത്സരിക്കുന്നതിലൂടെ ഡൽഹിയിൽ ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ പൂർണമായും തെറ്റുമെന്നാണ് പ്രതീക്ഷ.
2019ലെ പൊതു തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിലും ബി.ജെ.പി വിജയിച്ചിരുന്നു. ഗുജറാത്ത്, ഗോവ, ഹരിയാന സംസ്ഥാനങ്ങളിലെ സീറ്റു വിഭജനവും പൂർത്തിയായിട്ടുണ്ട്.
ഗുജറാത്തിൽ എ.എ.പി ഭാറൂച്, ഭാവ്നഗർ തുടങ്ങി രണ്ട് സീറ്റുകളിലും ബാക്കി 24 സീറ്റുകളിൽ കോൺഗ്രസും മത്സരിക്കും.
ഹരിയാനയിൽ കുരുക്ഷേത്രയിൽ എ.എ.പി മത്സരിക്കും. ഗോവയിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കും.
ചണ്ഡിഗഡിലെ സീറ്റിലും കോൺഗ്രസ് മത്സരിക്കുമെന്ന് വാസ്നിക് വ്യക്തമാക്കി. അതേസമയം പഞ്ചാബിൽ വെവ്വേറെ മത്സരിക്കാൻ ഇരു പാർട്ടികളും ധാരണയായതായി എ.എ.പി നേതാവ് സന്ദീപ് പതക് വ്യക്തമാക്കി.