റഷ്യ ഉക്രയ്ൻ യുദ്ധത്തിൽ നഷ്ടമായത് രണ്ടു ലക്ഷം ജീവന്
ഉക്രെയിൻ: റഷ്യ ഉക്രയ്നെതിരായ സൈനിക നീക്കം പ്രഖ്യാപിച്ചത് 2022 ഫെബ്രുവരി 24നാണ്. തുടർന്ന് തലസ്ഥാനമായ കീവ് ആക്രമിച്ചു.
മാർച്ച്: ഖെർസൺ റഷ്യ പിടിച്ചെടുത്തു. മെയ്: മരിയൂപോളിലെ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ച് ഉക്രയ്നുകാർ റഷ്യൻ സൈന്യത്തിന് കീഴടങ്ങി. ജൂൺ: ഒഡെസയിലെ സ്നേക്ക് ദ്വീപിൽ ഉക്രയ്ൻ പതാക ഉയർത്തി.
ജൂലൈ: ലുഹാൻസ്ക് നഗരത്തിൽ ഉക്രയ്ന്റെ നിയന്ത്രണത്തിലായിരുന്ന ലെസിചാൻസ്ക് റഷ്യ കീഴടക്കി. ഓഗസ്റ്റ്: പാശ്ചാത്യ- രാജ്യങ്ങൾ നൽകിയ ആയുധങ്ങളുമായി ഖെർസണിൽ ഉക്രയ്ൻ പ്രത്യാക്രമണം ആരംഭിച്ചു.
സെപ്റ്റംബർ: ഖർകിവിലെ ഭൂരിഭാഗം പ്രദേശവും ഡൊണെട്സ്ക് പ്രവിശ്യയിലെ ലൈമാൻ നഗരവും ഉക്രയ്ൻ തിരിച്ചു പിടിച്ചു.
ഒക്ടോബർ: ലുഹാൻസ്ക്, ഡൊണെട്സ്ക്, ഖെർസൺ, സപൊറീഷ്യ പ്രവിശ്യകൾ രാജ്യത്തിനൊപ്പം കൂട്ടിച്ചേർത്തെന്ന് റഷ്യയുടെ പ്രഖ്യാപനം.
നവംബർ: ഖെർസണിൽനിന്ന് റഷ്യൻസേന പിൻമാറി. ഡിസംബർ: റഷ്യയിലെ സൈനികത്താവളങ്ങൾക്കു നേരെ ഉക്രയ്ൻ ഡ്രോണാക്രമണം.
2023 ഫെബ്രുവരി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കീവിലെത്തി. ഉക്രയ്ന് 50 കോടി ഡോളറിന്റെ അധികസഹായം പ്രഖ്യാപിച്ചു. നാറ്റോ റഷ്യക്കെതിരെ ആദ്യ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു.
മാർച്ച്: ഐഎംഎഫ് ഉക്രയ്ന്1560 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. ഏപ്രിൽ: യുഎസ്-– -നാറ്റോ പ്രത്യാക്രമണ പദ്ധതിയുടെ രഹസ്യരേഖകൾ പെന്റഗണിൽനിന്ന് ചോർന്നു.
ജൂൺ: ഖെർസൺ ഒബ്ലാസ്റ്റിലെ ഡിനിപ്രോ നദിക്കരയിലുള്ള കഖോവ്ക അണക്കെട്ട് റഷ്യൻ സൈന്യം തകർത്തു. റഷ്യൻ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ സെർജി ഗോറിയച്ചേവ് കൊല്ലപ്പെട്ടു.
റഷ്യൻ പ്രതിരോധ മന്ത്രാലയത്തിനെതിരെ വാഗ്നർ ഗ്രൂപ്പ് നേതാവ് യെവ്ജെനി പ്രിഗോസിൻ രംഗത്ത് വന്നു. ആഗസ്ത്: റഷ്യക്ക് സഹായം നൽകുന്ന സ്ഥാപനങ്ങൾക്ക് ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി.
മാരിയുപോളിൽ ഉക്രയ്ൻ അനുകൂലികൾ റഷ്യൻ സൈനികത്താവളത്തിന് തീയിട്ടു. പത്ത് സൈനികർ മരിച്ചു. വാഗ്നർ ഗ്രൂപ്പ് നേതാവ് യെവ്ജെനി പ്രിഗോസിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.
സെപ്തംബർ: ഉക്രയ്നിലേക്കുള്ള പുനർവിന്യാസത്തിന്റെ ഭാഗമായി റഷ്യ കുറിൽ ദ്വീപുകളിൽനിന്ന് പീരങ്കികളും ടാങ്കുകളും പിൻവലിച്ചു.
നവംബർ: സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ വിക്ടർ ഖൊറെങ്കോയെ ഉക്രയ്ൻ പിരിച്ചുവിട്ടു.
2024 ജനുവരി: ഉക്രയ്ൻ ഡ്രോൺ ആക്രമണത്തിൽ നൊവാടെക്കിന്റെ പ്രകൃതിവാതക ടെർമിനലിൽ സ്ഫോടനം.
74 പേരുമായി പോയ റഷ്യൻ വിമാനം യാബ്ലോനോവോയിൽ തകർന്നു വീണു. 65 ഉക്രേനിയൻ യുദ്ധത്തടവുകാരടക്കം എല്ലാവരും മരിച്ചു.
ഫെബ്രുവരി: ഉക്രയ്ൻ വെറ്ററൻസ് അഫയേഴ്സ് മന്ത്രി യൂലിയ രാജിവച്ചു. അവ്ദിവ്കയിലെ സെനിറ്റ് വ്യോമ പ്രതിരോധ സമുച്ചയത്തിൽ നിന്ന് ഉക്രയ്ൻ സൈന്യം പിൻവാങ്ങി. നഗരം റഷ്യ പിടിച്ചെടുത്തു. ഉക്രയ്ൻ ആക്രമണത്തിൽ 60 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു.