ഇന്ന് ലോകജലദിനം
ജലരക്ഷ; ജീവരക്ഷ
ജലമില്ലെങ്കില്‍ ജീവനുമില്ല. ജലമാണ് ജീവനെ നിലനിര്‍ത്തുന്ന സുപ്രധാനമായ ഘടകം. അതുകൊണ്ടുതന്നെയാണ് ജലത്തെ ജീവജലമെന്നും ജീവന്റെ അമൃതെന്നും വിശേഷിപ്പിക്കുന്നത്. ജലത്തെ സംരക്ഷിച്ചാല്‍ മാത്രമേ ജീവന്റെ സംരക്ഷണം സാധ്യമാകൂ. ഇതാണ് ആധുനിക മനുഷ്യന് പഠിക്കേണ്ട പരമപ്രധാനമായ പാഠം. എന്നാല്‍ ആ പാഠം വിദ്യാസമ്പന്നര്‍ പോലും ഇന്നും പഠിച്ചിട്ടില്ല. ഇന്ത്യയിലെ ജലസ്രോതസ്സുകളില്‍ ബഹു ഭൂരിപക്ഷവും മലിനമായിക്കഴിഞ്ഞിരിക്കുന്നു. ഭാവിയില്‍ ഇന്ത്യയിലെ ജനകോടികള്‍ക്ക് കുടിവെള്ളം കിട്ടാനുള്ള വഴികളാണ് അടഞ്ഞു കൊണ്ടിരിക്കുന്നത്. പല നഗരങ്ങളിലെയും പട്ടണങ്ങളിലെയും മനുഷ്യമലംപോലും നദികളിലേക്ക് ഒഴുക്കുകയും അതേ നദികളിലെ മറ്റു ഭാഗങ്ങളില്‍ നിന്നും കുടിവെള്ളത്തിനായി ജലം ശേഖരിക്കുകയും ചെയ്യുകയാണ് ഇവിടെ നിലനില്‍ക്കുന്ന രീതി. എന്തു വിലകൊടുത്തും ഇന്ത്യയിലെ ജലസമ്പത്തിനെ മലിനീകരണത്തില്‍ നിന്നും മോചിപ്പിക്കണം. ഇതാകണം നമ്മുടെ ശാസ്ത്രീയ ജലവിഭവ സംരക്ഷണത്തിന്റെ അടിസ്ഥാന സമീപനം.
കുടിവെള്ളം മുട്ടും
ഭൂമിയില്‍ ഒട്ടാകെയുള്ള ജലസമ്പത്ത് 1,370 ദശലക്ഷം ക്യൂ.കി.മീ ആണത്രെ. ഭൂമിയുടെ പത്തുശതമാനവും വെള്ളമാണെങ്കിലും ശുദ്ധജലം വെറും 2.5 ശതമാനമേയുള്ളൂ. അതില്‍ത്തന്നെ നേരിയൊരംശം മാത്രമേ ലഭ്യമായുള്ളൂ. നമുക്ക് ഓരോരുത്തര്‍ക്കും പ്രതിദിനാവശ്യത്തിനായി ചുരുങ്ങിയത് 50 ലിറ്ററെങ്കിലും ശുദ്ധജലം ആവശ്യമുണ്ട്. ഇന്ന് ലോകത്തില്‍ 110 കോടി ആളുകള്‍ക്ക് ശുദ്ധജലം കിട്ടാന്‍ ഒരു മാര്‍ഗവുമില്ല. ഐക്യരാഷ്ട്രസംഘടനയുടെ കണക്കനുസരിച്ച് 2025ാമാണ്ടാവുമ്പോള് ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗം ആളുകള്‍ക്ക് കുടിവെള്ളം കിട്ടാനുണ്ടാവില്ല .
വികസ്വരരാജ്യങ്ങളിലെ ജനങ്ങളില്‍ 5ല്‍ 3 പേര്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല. മലിന ജലം കുടിക്കുന്നതുകൊണ്ട് ഓരോവര്‍ഷവും 180 കോടി ജനങ്ങള്‍ രോഗബാധിതരാകുന്നു. ലോകത്തെ 5ല്‍ 4 കുഞ്ഞുങ്ങളുടെയും മരണകാരണം ജലജന്യരോഗങ്ങളാണ്. കേരളത്തിലെ 70 ശതമാനം രോഗങ്ങളും ശുദ്ധജലവും ശുചിയായ കക്കൂസ് സൗകര്യങ്ങളും ഇല്ലാത്തതുമൂലമാണ്. ഇതെല്ലാം ഈയിടെവന്ന പഠനറിപ്പോര്‍ട്ടുകളാണ്. മഞ്ഞപ്പിത്തം എന്നറിയപ്പെടുന്ന ഹെപ്പറ്റൈറ്റിസ് വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കുന്നതിനുള്ള ഒരു പ്രധാനകാരണം വരള്‍ച്ചക്കാലത്ത് ശുദ്ധജലസ്രോതസുകള്‍ വറ്റിവരളുന്നതാണ്. ഇതുകൂടാതെ ഛര്‍ദ്ദി, അതിസാരം, കോളറ തുടങ്ങിയ രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നു.
ഒരായുസ്സില്‍ ഒരുലക്ഷം ലിറ്റര്‍
ആരോഗ്യവാനായ ഒരാള്‍ ഒരു ദിവസം രണ്ട്മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം. എങ്കില്‍ ഒരാള്‍ ഒരായുസ്സിനുള്ളില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചുവറ്റിച്ചിരിക്കും.
ഒരാള്‍ക്കെത്ര
ആളുകളുടെ ജീവിത രീതിയും കാലാവസ്ഥയും അനുസരിച്ച് ജലം ഉപയോഗിക്കുന്നതിലും വ്യത്യാസമുണ്ടാകാം. ശരാശരി ഒരാള്‍ക്ക് ഇത് 136.5 ലിറ്റര്‍ എന്നാണ് നിശ്ചയിച്ചിട്ടുള്ളത്. ഭക്ഷണം പാകംചെയ്യുന്നതിന് 4.5 ലിറ്റര്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവ കഴുകുന്നതിനും ശരീര ശുചീകരണത്തിനും കൂടി 50 ലിറ്റര്‍, വാട്ടര്‍ ക്ലോസറ്റുകള്‍, വ്യാവസായിക ആവശ്യം തുടങ്ങിയ പൊതുആവശ്യങ്ങള്ക്കെല്ലാംകൂടി 22.75 ലിറ്റര്‍, വളര്‍ത്തുമൃഗങ്ങള്‍ക്ക് 13.75 ലിറ്റര്‍ എന്നിങ്ങനെ എല്ലാം കൂടിയാണ് ഈ 136.5 ലിറ്റര്‍ എന്ന് കണക്കാക്കിയിട്ടുള്ളത്. ഈ കണക്കുവച്ച് ഒരുദിവസം നിങ്ങള്‍ എത്രവെള്ളം ഉപയോഗിക്കുന്നു എന്നത് രേഖപ്പെടുത്തിവയ്ക്കുക.
കേരളത്തില്‍ എത്ര മഴ വെള്ളം
ശരാശരി 3000 മില്ലി മീറ്റര്‍ മഴവെള്ളമാണ് നമുക്കൊരു മഴക്കാലത്ത് ലഭിക്കുന്നത്. ഒരു വര്‍ഷം കേരളത്തില്‍ ഒട്ടാകെ പെയ്യുന്നത് 12000കോടി ഘനമീറ്റര്‍ മഴവെള്ളമാണ്. നദിയെ കൂടാതെയുള്ള അരുവികള്‍, തടാകങ്ങള്‍, കുളങ്ങള്‍ എന്നീ ഉപരിജല സ്ത്രോതസ്സുകളില്‍ ഏകശേദം 54410 ദശലക്ഷം ഘനമീറ്റര്‍ ള്ളെം സംഭരിക്കപ്പെടുന്നു. ഇതിന്റെ 10 ശതമാനത്തോളം അണക്കെട്ടുകളില്‍ സംഭരിക്കപ്പെടുന്നുണ്ട്. ഭൂഗര്ഭജലപോഷണത്തിനായി 15 ശതമാനം പ്രയോജനപ്പെടുന്നു.
അയ്യായിരം കോടി ഘനമീറ്റര്‍ വെള്ളമെങ്കിലും ആവിയായി അന്തരീക്ഷത്തിലേക്ക് തിരികെ പോകുന്നുണ്ട്. ഭൂഗര്‍ഭത്തിലേക്ക് കിനിഞ്ഞിറങ്ങുന്ന വെള്ളത്തിന്റെ ഒരംശം മേല്‍മണ്ണിലും അടിമണ്ണായ ലാറ്ററൈറ്റിന്റെ സുഷിരങ്ങളിലും ഭൗമജലമായി തങ്ങിനില്ക്കുന്നു. കേരളത്തിന്റെ കുന്നും കുഴിയുമായ ഭൂപ്രകൃതി കാരണം കിനിഞ്ഞിറങ്ങുന്ന വെള്ളത്തിന്റെ ഒരുഭാഗമാണ് നെല്‍പ്പാടങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്നത്. നമ്മുടെ നെല്‍പ്പാടങ്ങളില്‍ അഞ്ചോ ആറോ മീറ്റര്‍ കുഴിച്ചാല്‍ വെള്ളംകിട്ടും. ഇത്തരത്തില്‍ സമൃദ്ധമായ ജലമുള്ള കുളങ്ങള്‍ ഓരോ നെല്പ്പാടത്തിന്റെയും ഉയര്‍ന്ന ഭാഗത്ത് കുഴിക്കുക പണ്ടുകാലത്ത് നമ്മുടെ കര്‍ഷകരുടെ ശീലമായിരുന്നു. ഇത്തരം കുളങ്ങളിലെ വെള്ളം കുളിക്കാനും അലക്കാനും മറ്റു പാപകേതര ഗാര്‍ഹിക ഉപയോഗങ്ങള്‍ക്ക് അന്ന് ഉപയോഗപ്പെടുത്തിയിരുന്നു.
കിണര്‍ എന്ന ബാങ്ക്
കിണറിന്റെ പ്രവര്‍ത്തനം ഒരു ബാങ്കുപോലെ തന്നെയാണ് എത്രത്തോളം മഴവെള്ളം നാം കിണറില്‍ ഡെപ്പോസിറ്റ് ചെയ്യുന്നുവോ അതിന്റെ പലിശയടക്കം കിണര്‍ നമുക്ക് തിരികെ തരും. കിണറുകളില്‍ നിന്നു നാം ഉപയോഗിച്ച് നഷ്ടപ്പെടുത്തുന്ന വെള്ളം മഴക്കാലത്ത് തിരികെ നല്‍കാനും ഭൂഗര്ഭജലസംഭരണികള് ശക്തിപ്പെടുത്താനും മഴവെള്ളത്തെ പരമാവധി പ്രയോജനപ്പെടുത്താം. മേല്‍ക്കൂരയിലെ വെള്ളം കിണറില്‍ നിന്നും സുരക്ഷിതമായ അകലത്തില്‍ കുഴി കുഴിച്ച് കുഴിയിലിറക്കി കിണറിനെ റീചാര്‍ജ് ചെയ്യാം. ഇത്തരം കുഴിയില്‍ ജലം ഫില്‍റ്റര്‍ ചെയ്യാനുള്ള സംവിധാനമൊരുക്കുന്നത് നല്ലതാണ്. മേല്‍ക്കൂരയില്‍ നിന്ന് സംഭരിക്കാവുന്ന ശേഷിക്കനുസരിച്ച് വലിപ്പമുള്ള കുഴിയായിരിക്കണം അതില്‍ 20 സെ.മീ. കനത്തില്‍ മണല്‍ 20സെ.മീ. കനത്തില്‍ മരക്കരി അഥവാ ചിരട്ടക്കരി 20 സെ.മീ. കനത്തില്‍ മെറ്റല്‍ (40 മി.മീ. വലിപ്പമുള്ള) പാകി ഫില്‍റ്റര്‍ ചെയ്യാം. മേല്‍ക്കൂരയില്‍ നിന്ന് ഫില്‍റ്റര്‍ ടാങ്കില്‍ വെച്ചരിച്ച് നേരിട്ട് കിണറിന്റെ ജലോപരിതലത്തിലേക്ക് പൈപ്പ് മുഖാന്തരം എത്തിച്ചും കിണറില്‍ മഴവെള്ളം ശേഖരിക്കാവുന്നതാണ്.
കിണര്‍ ജലസംരക്ഷണത്തിന്
കുഴിക്കക്കൂസിന് പകരം സെപ്റ്റിക് ടാങ്കുകള്‍ ഉപയോഗിക്കുക. കുളിമുറി, അലക്കല്‍ , അടുക്കള മാലിന്യങ്ങള്‍ എന്നിവ ആഴം കൂടിയ കൂഴികളില് ശേഖരിക്കുന്നതിനുപകരം വൃക്ഷങ്ങളുടെ തടങ്ങളിലേക്കോ അടുക്കളത്തോട്ടത്തിലേക്കോ ആഴം കുറഞ്ഞ കുഴികളിലേക്കോ ശേഖരിക്കുക.
പൊതുവേ തണുപ്പന്‍ ചൂടായാലോ?
ഒരു ചെമ്പുകമ്പി ചൂടാക്കാന്‍ അഞ്ചു മിനിറ്റെടുക്കുകയാണെങ്കില് അതേ തൂക്കമുള്ള വെള്ളം അത്രതന്നെ ചൂടാക്കാന്‍ 50 മിനിറ്റ് വേണ്ടിവരും. ഒരിക്കല്‍ ചൂടായ വെള്ളം തണുക്കാനോ? വളരെ സാവധാനമേ വെള്ളം തണുക്കുകയുള്ളൂ. ജലത്തിന്റെ ഈ സവിശേഷതയാണ് പല പ്രകൃതിപ്രതിഭാസങ്ങള്‍ക്കും കാരണമാകുന്നത്. പകല്‍സമയത്ത് സൂര്യതാപംവഴി ലഭിക്കുന്ന താപോര്‍ജത്തെ കടല്‍ജലം സൂക്ഷിച്ചുവെക്കുന്നു. രാത്രിയില്പെട്ടെന്ന് തണുപ്പനുഭവപ്പെടാതിരിക്കാന് ഇതാണ് കാരണം. കരചൂടാവുമ്പോള് കടല്‍ജലം ചൂടുപിടിച്ച് കഴിഞ്ഞിരിക്കില്ല. കര പെട്ടെന്ന് തണുത്താലും കടല്‍ജലം ചൂടുള്ളതായിത്തന്നെ നിലകൊള്ളും കാലാവസ്ഥ ഏകമാനമാക്കുന്നതില് കടലിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് നമുക്കിതില്‍നിന്നും മനസ്സിലാക്കാം.
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ പാറമട
കോട്ടയം അതിരമ്പുഴയിലെ എം.ജി സര്‍വകലാശാലാ ആസ്ഥാനത്ത് വലിയൊരു പാറമട ജലസംഭരണിക്കുണ്ട്. സര്‍വകലാശാലയിലെ മിക്ക ജലാവശ്യങ്ങളും നിവര്‍ത്തിക്കുന്നത് ഈ പാറമടക്കുളത്തില്‍ നിന്നാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ പാറമടജലസംഭണികളിലൊന്നാണിത്.
വെള്ളം എവിടെയൊക്കെ?
ഉറവിടം ശതമാനം
സമുദ്രജലം 96.42
ഹിമപാളികളായി 1.78
ഭൂഗര്‍ഭജലം 1.78
തടാകങ്ങള്‍ 0.01
അന്തരീക്ഷത്തില്‍ 0.001
നദികളില്‍ 0.00015
H2O
പതിനെട്ടാംനൂറ്റാണ്ടിന്റെ അവസാനം ജലം ഒരു മൂലകമാണെന്ന ധാരണയിലായിരുന്നു ശാസ്ത്രലോകം. ഇംഗ്ലിഷ് ശാസ്ത്രജ്ഞനായ കാവന്‍ഡിഷ് ആണ് ഹൈഡ്രജനും ഓക്സിജനും ചേര്‍ന്നാണ് ജലം ഉണ്ടാകുന്നതെന്ന് ആദ്യമായി തെളിയിച്ചത്. ഒരിരുമ്പുകഷണം ഇട്ടുവെച്ച ഹൈഡ്രോ ക്ലോറിക്കമ്ലത്തില്നിന്നും കുമിളകളായി ഒരു വാതകം രൂപംകൊള്ളുന്നത് കാവന്‍ഡിഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. ആ വാതകം അദ്ദേഹം ശേഖരിച്ച് പരിശോധിച്ചു. തീ കാണിക്കുമ്പോള്‍ ആളിക്കത്തുന്ന ഈ അദൃശ്യവാതകം കത്തുമ്പോള്‍ ഹൈഡ്രജന്‍ ജലബാഷ്പമായി ഉരുത്തിരിയുന്നത് അദ്ദേഹം നിരീക്ഷിച്ചു. അതോടൊപ്പം മറ്റൊരു പരീക്ഷണംകൂടി കാവന്‍ഡിഷ് നടത്തി. ഹൈഡ്രജനും ഓക്സിജനും കലര്‍ന്ന മിശ്രിതത്തിലേക്ക് ഒരു വൈദ്യുതസ്ഫുലിംഗം പ്രവേശിപ്പിച്ചപ്പോള്‍ ജലം ഉണ്ടാകുന്നതായി അദ്ദേഹം കണ്ടു. രണ്ടു വ്യാപ്തം ഹൈഡ്രജനോട് ഒരു വ്യാപ്തം ഓക്സിജന്‍ കൂടിച്ചേരുമ്പോള്‍ ജലമുണ്ടാകുന്നതിനെയാണ് H2O എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ജലഘടനയെപ്പറ്റിയുള്ള ഈ മൗലികാശയം സ്ഥാപിച്ചത് കാവന്‍ഡിഷ് ആണ്.
കൊണ്ടാലും പഠിക്കാത്ത മനുഷ്യന്
കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 3000 മില്ലിലിറ്ററില്‍ അധികം മഴ ലഭിക്കുന്നുണ്ട്. ഒരുവര്‍ഷത്തെ എല്ലാമാസവും ഒരേ തോതിലല്ല മഴ ലഭിക്കുന്നത്. 70 ശതമാനം കാലവര്‍ഷമായിട്ടും ബാക്കിവരുന്ന 30ശതമാനം തുലാവര്‍ഷമായിട്ടും വേനല്മഴയായിട്ടുമാണ് ലഭിക്കുന്നത്. കടലിനോട് ചേര്‍ന്ന് വീതികുറഞ്ഞ ചെങ്കുത്തായി കിടക്കുന്ന ഭൂപ്രകൃതിയാണ് കേരളത്തിനുള്ളത്. ഈ ഭൂപ്രകൃതി കാരണം മഴപെയ്ത് 48 മണിക്കൂറിനുള്ളില്‍ ഈ വെള്ളം കടലിലെത്തിച്ചേരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മഴവെള്ളം ഭൂഗര്‍ഭജലത്തെ സമ്പുഷ്ടമാക്കാനുള്ള അവസരം കേരളത്തില്‍ കുറവാണ്. ഇതിന് അല്പമെങ്കിലും പരിഹാരമായിരുന്നത് കേരളത്തിലെ വനങ്ങളും പുല്‍മേടുകളും ഫലഭൂയിഷ്ഠമായ മേല്മണ്ണുമായിരുന്നു. ഇതെല്ലാം മനുഷ്യന്റെ ദുരകൊണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇതുമൂലം മഴവെള്ളം ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങുന്നത് നന്നേകുറഞ്ഞു. നമ്മുടെ നദികളും കിണറുകളും കുളങ്ങളും വറ്റി വരളാനുള്ള കാരണം ഇതാണ്. ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങുന്ന വെള്ളമാണ് മഴയില്ലാത്ത വേനല്‍ക്കാലങ്ങളില്‍ നമ്മുടെ നദികളെയും കിണറുകളെയുമൊക്കെ സമ്പുഷ്ടമാക്കാന്‍ സഹായിച്ചിരുന്നത്.
പൊതുജലസ്രോതസുകളുടെ സംരക്ഷണം
കുളങ്ങള്‍, തോടുകള്‍, ഉറവകള്‍, തടാകങ്ങള്‍ മുതലായ നിരവധി പൊതുജലസ്രോതസുകള്‍ നമ്മുടെ നാട്ടിലുണ്ട്. ചെളികോരി വൃത്തിയാക്കിയും ഇടിഞ്ഞുപോയ പടവുകള്‍ കെട്ടിച്ചും നിര്ഗമനചാലുകള് നിര്‍മ്മിച്ചും പുറമെനിന്ന് മണ്ണൊഴുകി വീഴാതിരിക്കാന്‍ പുറംബണ്ടുകള്‍ കെട്ടിയും മാലിന്യങ്ങളൊഴുക്കാതെയുമെല്ലാം നമ്മുടെ പൊതുജലസ്രോതസുകളെ സംരക്ഷിക്കണം.
ഉറവകള്‍
ഓരോ പ്രദേശത്തെയും പ്രധാന ഉറവകള്‍ കണ്ടെത്തി അവയെ പരമാവധി പ്രയോജനപ്പെടുത്താം. ഉറവയുടെ ആവാഹപ്രദേശത്ത് കുഴികള്‍ നിര്‍മ്മിച്ചും മരങ്ങള്‍ നട്ടുപിടിപ്പിച്ചും മാലിന്യം കലരാതെ സൂക്ഷിച്ചും ഉറവകളുടെ ജലശേഷി വര്‍ദ്ധിപ്പിക്കാം.
ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍
വീട്ടില്‍: ഓരോ കുടുംബത്തിനും മഴവെള്ള സംഭരണ പ്രവര് ത്തനങ്ങളില് നേരിട്ട് പങ്കുവഹിക്കാം. ഓരോ പറമ്പിലും ലഭ്യമാകുന്ന മഴവെള്ളം പരമാവധി അവിടെത്തന്നെ മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്നതിനുവേണ്ട സംവിധാനങ്ങളുണ്ടാക്കാം. ചെറുചെരിവുകളില് ഒഴുക്ക് തടസപ്പെടുത്തുന്നതിന് വരമ്പുകളിടുക, അനുയോജ്യമായ സ്ഥലത്ത് മഴക്കുഴികളുണ്ടാക്കുക, തെങ്ങിന് തടമെടുക്കുക, കയ്യാലകള്‍ നിര്‍മ്മിക്കുക, കൈത, ഇഞ്ചിപ്പുല്ല്, തീറ്റപ്പുല്ല് തുടങ്ങിയ സസ്യങ്ങള്‍ നട്ടുപിടിപ്പിച്ച് ജൈവ ബണ്ടുകള്‍ തീര്‍ക്കുക, പുരയിടങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക തുടങ്ങിയവ വെള്ളത്തിന്റെ ഒഴുക്കിനെ മന്ദഗതിയിലാക്കാനും മണ്ണില്‍ കിനിഞ്ഞിറങ്ങി കിണറുകള്‍, കുളങ്ങള്‍ തുടങ്ങിയവയില്‍ സംരക്ഷിക്കപ്പെടാനും അവസരമൊരുക്കുന്നു.
മഴവെള്ളം പിടിച്ചുവയ്ക്കുന്ന കുട്ടിവനങ്ങള്‍
പണ്ട് കേരളത്തില്‍ മിക്ക പറമ്പുകളിലും സര്‍പ്പക്കാവുകള്‍ ഉണ്ടായിരുന്നു. ഇന്നു വളരെ കുറച്ചേ അവ അവശേഷിക്കുന്നുള്ളൂ. അന്ധവിശ്വാസമെന്ന് പറഞ്ഞ് നാമതെല്ലാം വെട്ടി നശിപ്പിച്ചു. ഓരോ പ്രദേശത്തെയും മഴവെള്ളം പിടിച്ചുവച്ച് ഉറവ കൂട്ടാന്‍ കാവുകള്‍ സഹായിച്ചിരുന്നു. ഈ ഉറവകള്‍ ചാലുകളായി ഒഴുകി വേനല്‍ക്കാലങ്ങളില്‍ വയലുകളെ നനച്ചു. കീടങ്ങളെയും എലികളെയും പിടിക്കുന്ന ധാരാളം പക്ഷികളെയും പാമ്പുകളെയും മറ്റു ജീവികളേയും ആ കാവുകള്‍ സംരക്ഷിച്ചു. അവ കര്‍ഷകന്റെ വിളവിനേയും. ഇത്തരം കാവുകള്‍ ഓരോ പറമ്പുതോറും വളര്‍ത്തണം. പഞ്ചായത്തുകളിലെ പുറംമ്പോക്ക് ഭൂമികളും ഇതിനായി പ്രയോജനപ്പെടുത്താം.
കാലവര്‍ഷം, തുലാവര്‍ഷം എന്നിങ്ങനെ രണ്ടു മണ്സൂണുകളിലായിട്ടാണ് കേരളത്തില്‍ മുഖ്യമായും മഴ ലഭിക്കുന്നത്. ഇവ കൂടാതെ മണ്‍സൂണ്‍ കാറ്റിന്റെ സ്വാധീനമില്ലാതെതന്നെ പ്രാദേശികമായി ഇടമഴയും ലഭിക്കുന്നു. പുതുമഴ എപ്പോള്‍ കിട്ടുമെന്നും മണ്‍സൂണ്‍ മഴയുടെ സ്വഭാവം എങ്ങനെയായിരിക്കുമെന്നും ഓരോ മാസത്തിലും എത്രത്തോളം മഴകിട്ടുമെന്നും ഇടമഴ എപ്പോള്‍ ലഭിക്കുമെന്നും കേരളത്തിലെ കര്‍ഷകര്‍ കൃത്യമായി കണക്കാക്കിയിരുന്നു. കുംഭമാസത്തിലും മീനമാസത്തിലും ഇടമഴ പെയ്യും. മേടം ഒന്നാംതീയതിയോടെ പുതുമഴയുടെ ആരംഭമായി. മേടമാസത്തിലും എടവം പകുതി വരെയും ഇടയ്ക്കിടെ മഴ പെയ്യും. ഇടവം 15ാംതീയതിയോടെ (ഇടവപ്പാതി) മഴ ശക്തിയാകുന്നു. കന്നി 15 വരെ ഇതുനീണ്ടുനില്ക്കും. കനത്തമഴയ്ക്ക് ഏതാണ്ട് ശമനമുണ്ടായി, കര്‍ക്കടകം 20 മുതല്‍ കുറച്ചു ദിവസത്തേക്ക് നല്ല വെയിലാണ്. “കര്‍ക്കിടക വറു’ എന്നാണ് ഇതിനെ നാട്ടിന്‍പുറങ്ങളില്‍ പറയാറ്. കന്നിമാസത്തിലെ വെയില് അതികഠിനമാണ്. കള്ളിച്ചെടിയുടെ ഇലയില്‍ നെല്ലുണക്കാനിട്ടാല്‍ ഉണങ്ങിക്കിട്ടുമെന്നാണ് കന്നിവെയിലിനെപ്പറ്റി അമ്മൂമ്മമാര് പറയാറ്. കന്നിവെയിലും വായാടിപ്പെണ്ണിന്റെ നാക്കും ഒരുപോലെ എന്നും പറയാറുണ്ട്. രണ്ടും അതികഠിനമാണ്. സഹിക്കാനാവില്ല എന്നാണ് സൂചന.