തിരുവനന്തപുരത്ത് വീട്ടിലെ പ്രസവത്തിനിടെ മരണം സംഭവിച്ചത്: അക്യുപങ്ചർ ചികിത്സകൻ കസ്റ്റഡിയിൽ
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവത്തിനിടെ യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവച്ചിൽ അക്യുപങ്ചർ ചികിത്സകൻ കസ്റ്റഡിയിൽ.
യുവതിയെ ചികിത്സിച്ച ബീമാപ്പള്ളിയിൽ ക്ലിനിക് നടക്കുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് എറണാകുളം നേമം പൊലീസ് കസ്റ്റഡിയിലെടുത്തത്.
നേമം സ്റ്റേഷനിലെത്തിച്ച ശിഹാബുദ്ദീനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് അക്യുപങ്ചര്‍ ചികിത്സയാണ് നൽകിയിരുന്നതെന്ന് പൊലീസ് പറയുന്നു.
കേസിൽ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഭർത്താവ് നയാസിനെ നരഹത്യാക്കുറ്റം ചുമത്തി നേമം പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
പാലക്കാട് സ്വദേശി ഷെമീറ ബീവിയും കുഞ്ഞുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആശുപത്രിയിൽ പോകാൻ തയ്യാറാകാതെ വീട്ടിൽ പ്രസവിക്കുകയായിരുന്നു.
വീട്ടില്‍ വച്ച് പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
കുഞ്ഞിനെ പൂര്‍ണമായി പുറത്തെടുക്കാനും കഴിഞ്ഞിരുന്നില്ലെന്നും, ആശുപത്രിയിലെത്തുമ്പോഴേയ്ക്കും അമ്മയും കുഞ്ഞും മരിച്ചതായും പൊലീസ് പറയുന്നു.
ഷെമീറ ബീവിയുടെ മുന്‍പത്തെ മൂന്ന് പ്രസവവും സിസേറിയന് ആയിരുന്നു. നാലാമതും ഗര്‍ഭിണിയായപ്പോള്‍ ആധുനിക ചികിത്സ വേണ്ടായെന്ന് ഭര്‍ത്താവ് നയാസ് തീരുമാനിക്കുകയായിരുന്നുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ നയാസ് അവരോട് തട്ടിക്കയറുകയായിരുന്നു.
ഭാര്യയ്ക്ക് ആധുനിക ചികിത്സ നല്‍കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നയാസ് അത് ചെവിക്കൊണ്ടില്ലെന്നും പൊലീസ് പറയുന്നു.