നിങ്ങളുടെ ടിവി എങ്ങനെയാണ് സിഐഎ ഹാക്ക് ചെയ്യുന്നത് എന്ന വെളിപ്പെടുത്തലുമായി സ്നോഡന്
അമേരിക്കന്‍ ചാരസംഘടനയായ സിഐഎക്ക് നിങ്ങളുടെ സ്മാര്‍ട്ട് ടിവി വരെ ഹാക്ക് ചെയ്യാന്‍ ശേഷിയുണ്ട്. ഇത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി സ്നോഡന്. വിക്കിലീക്സ് വഴി സിഐഎയുടെ നിരവധി രേഖകള്‍ ചോര്‍ത്തിയതോടെയാണ് 2013ല്‍ സ്നോഡന് അമേരിക്കയുടെ കണ്ണിലെ കരടായി മാറുന്നത്. ടെക്സാസില്‍ നടന്ന സൗത്ത് ബൈ സൗത്ത്വെസ്റ്റ് കോണ്‍ഫറന്‍സില്‍ വീഡിയോ ലിങ്ക് വഴി സംസാരിക്കവെയാണ് സ്നോഡന്റെ പുതിയ വെളിപ്പെടുത്തലുകള്‍.
ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയ ഏതൊരു ഉപകരണത്തില്‍ നിന്നും സിഐഎക്കോ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിക്കോ (എന്‍എസ്എ) ആവശ്യമായ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാമെന്നാണ് സ്നോഡന് പറഞ്ഞത്. ഇതിന് ആവശ്യമായ ഡിജിറ്റല്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നതിന് പ്രമുഖ കമ്പനികള്‍ക്ക് ഇത്തരം ഏജന്‍സികള്‍ പ്രതിഫലം നല്‍കുന്നുണ്ട്. ഇത്തരം ഉപകരണം ലഭിക്കുന്ന ഏതൊരാള്‍ക്കും ഇത്തരം ഹാക്കിങ്ങുകള്‍ നടത്താമെന്നത് ചിന്തിക്കേണ്ട വിഷയമാണെന്നും സ്നോഡന്.
ജൂലിയന്‍ അസാന്‍ജിന്റെ കീഴിലുള്ള വിക്കിലീക്സ് കഴിഞ്ഞ ആഴ്ചയില്‍ സിഐഎയുടെ എണ്ണായിരത്തോളം രഹസ്യഫയലുകള്‍ പുറത്തുവിട്ടിരുന്നു. ഏത് വഴിയാണ് ചോര്‍ച്ച സംഭവിച്ചതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഇപ്പോഴും സിഐഎക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. ഐഒഎസും ആന്‍ഡ്രോയിഡും അടക്കമുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാന്‍ സിഐഎക്ക് കഴിയുമെന്ന് വിക്കിലീക്സ് രഹസ്യ രേഖകളില്‍ പറയുന്നുണ്ട്.
സാംസങ് സ്മാര്‍ട്ട് ടിവികളില്‍ നിന്നുള്ള വിവരങ്ങള്‍ സിഐഎക്ക് ചോര്‍ത്താനാകുമെന്ന് വിക്കിലീക്സ് രേഖകകളിലുണ്ട്. എന്നാല്‍ ഹാര്‍ഡ്വെയറിന്റെ സഹായമില്ലാതെ ഇത്തരം ചോര്‍ത്തലുകള്‍ പ്രായോഗികമല്ലെന്നായിരുന്നു ഒരു കൂട്ടം വിമര്‍ശകരുടെ വാദം. ഇതിനെ അംഗീകരിച്ചുകൊണ്ട് സിഐഎ ചാരപ്രവര്‍ത്തനം നടത്തുന്നതെങ്ങനെയെന്ന് വിവരിക്കുകയാണ് സ്നോഡന് ചെയ്തത്.
നമ്മുടെ വീടുകളില്‍ ഇടിച്ചുകയറി ചാരപ്രവര്ത്തനത്തിനാവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കുകയല്ല സിഐഎ ചെയ്യുന്നത്. മറിച്ച് തങ്ങള്‍ ലക്ഷ്യമിട്ടവരിലേക്കെത്താനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് ചെയ്യുക. ആമസോണ്‍ വഴിയോ മറ്റോ എന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴിയോ സിഐഎയുടെ പട്ടികയിലുള്ളവര്‍ ഓര്‍ഡര്‍ ചെയ്താല്‍ അവര്‍ക്ക് വിവരം ലഭിക്കും. തുടര്‍ന്ന് ഈ സൈബര്‍ ചോര്‍ത്തല്‍ ഉപകരണം അതിനുള്ളില്‍ ഘടിപ്പിക്കും. എന്നിട്ട് അതേപടി പാക്ക് ചെയ്ത് ലക്ഷ്യത്തിലെത്തിക്കും.
പ്രമുഖ കമ്പനികളുടെ സഹായത്തോടെയാണ് സിഐഎ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. നിങ്ങളുടെ കംപ്യൂട്ടറോ ലാപ്ടോപോ, ടിവിയോ ഈ രീതിയില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കാം. സിഐഎ സാധാരണ ചെയ്യുന്ന മാര്‍ഗമാണിതെന്നും സ്നോഡന്. അമേരിക്ക പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച എഡ്വേഡ് സ്നോഡന് നിലവില്‍ റഷ്യയില്‍ രാഷ്ട്രീയ അഭയാര്‍ഥിയായാണ് കഴിയുന്നത്.