ഭിന്നശേഷി കുട്ടികൾക്കായി 4 പുതിയ പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കും; മന്ത്രി ആർ ബിന്ദു
കോട്ടയം: ഭിന്നശേഷി കുട്ടികൾക്കായി സംസ്ഥാനത്ത് 4 പുനരധിവാസഗ്രാമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു.
വെളിയന്നൂർ ഗ്രാമപഞ്ചായത്തത്തിലെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ബഡ്സ് സ്കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എല്ലാവിധ തെറാപ്പി സൗകര്യങ്ങളും ഒരുക്കുന്ന ആരോഗ്യ കേന്ദ്രങ്ങളും തൊഴിൽ ഉൽപ്പാദന കേന്ദ്രങ്ങളും ഇവിടെ സജ്ജമാക്കും. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ സമഗ്ര വികസനം എന്നതാണ് കേരളം എക്കാലത്തും ഉയർത്തി പിടിച്ചിട്ടുള്ള വികസന സമീപനമെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷി മക്കളെ സമൂഹം ചേർത്തു നിർത്തണം. സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാൻ ഒന്നായി എല്ലാവരും പ്രവർത്തിക്കണം.
ഭിന്നശേഷി കുട്ടികളുടെ സർഗാത്മകപരമായ കഴിവുകൾ വികസിപ്പിച്ച് അവരെ വരുമാനമാർഗത്തിലേക്ക് എത്തിക്കാൻ എല്ലാവരും ശ്രമിക്കേണ്ടതുണ്ട്. ഈ കുട്ടികളുടെ അമ്മമാരുടെ കഴിവുകളും ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി പ്രത്യേക പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്.
കുഞ്ഞുങ്ങളുടെ വൈകല്യങ്ങളെ അമ്മയുടെ ഭ്രൂണത്തിലായിരിക്കുന്ന സന്ദർഭങ്ങളിൽ തന്നെ തിരിച്ചറിയാൻ സാധിക്കുന്ന ഏർലി ഡിറ്റൻഷൻ സെന്ററുകളും വ്യതിയാനങ്ങൾ തുടക്കത്തിൽ തന്നെ മാറ്റിയെടുക്കുന്നതിനായുള്ള ഏർലി ഇന്റർവെൻഷൻ സെന്ററുകളും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്.
പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദപരമായി മാറി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. വെളിയന്നൂർ വന്ദേമാതരം സ്കൂൾ ജങ്ഷനു സമീപം നടന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം രാജു ജോൺ ചിറ്റേത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു, സ്ഥിരംസമിതി അധ്യക്ഷരായ സണ്ണി പുതിയിടം തുടങ്ങി വിവിധ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.