ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ മീഡിയാ സാക്ഷരത മണ്ഡലമായി തളിപ്പറമ്പ്
തളിപ്പറമ്പ്: കാലത്തിന്റെ സൈബർ ആകാശങ്ങളിൽ ഉയരെ പാറിനടന്ന് തളിപ്പറമ്പ്. ഇന്ത്യയിലെ തന്നെ ആദ്യ സമ്പൂർണ ഡിജിറ്റൽ മീഡിയാ സാക്ഷരത മണ്ഡലമായി തളിപ്പറമ്പിനെ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും.
രണ്ടു നഗരസഭകളും ഏഴു പഞ്ചായത്തുകളുമുൾപ്പെടുന്ന തളിപ്പറമ്പിൽ ഇടം(e-–-dam–-Educational and Digital Awareness Mission) പദ്ധതിയിലൂടെ 52,230 പഠിതാക്കളാണ് ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്.
2023 മെയ് രണ്ടിന് ആരംഭിച്ച പ്രവർത്തനങ്ങളാണ് ഒരു വർഷത്തിനുള്ളിൽ സ്വപ്ന സാക്ഷാൽക്കാരമാകുന്നതെന്ന് എം.വി ഗോവിന്ദൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മണ്ഡലത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയെന്ന ലക്ഷ്യം ആദ്യം കൈവരിച്ചത് കുറുമാത്തൂർ പഞ്ചായത്തായിരുന്നു.
ദൈനം ദിന ആവശ്യങ്ങളിലെല്ലാം സ്മാർട്ട് ഫോണും ഇന്റർനെറ്റും അവിഭാജ്യ ഘടകമായ സാഹചര്യത്തിലാണ് പദ്ധതി തയ്യാറാക്കിയത്.
ഇതിനായുള്ള സമഗ്രമായ പ്രായോഗിക അറിവുകൾ ചേര്‍ത്ത് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ കൈറ്റ് തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ചാണ് ക്ലാസുകൾ നടന്നത്.
വായനശാലകൾ, അയൽക്കൂട്ടങ്ങൾ, വീടുകൾ, പൊതുവേദികൾ, സ്കൂളുകൾ എന്നിവയെല്ലാം ഡിജിറ്റൽ ലിറ്ററസി ക്ലാസുകളുടെ ഇടങ്ങളായി മാറി.
മൊബൈൽ ഫോണിലെ സൗകര്യങ്ങളും ഇന്റർനെറ്റ് സെർച്ചും ഓൺലൈൻ പണമിടപാടുകളും സമൂഹമാധ്യമങ്ങളുടെ ഉപയോഗവും ഇ മെയിൽ സംവിധാനങ്ങളുമെല്ലാം പഠന വിഷയങ്ങളായി.
മണ്ഡലം വിദ്യാഭ്യാസ സമിതി കൺവീനർ കെ.സി ഹരികൃഷ്ണൻ, ഇടം കോർഡിനേറ്റർ ദിനേശൻ, ഐ.റ്റി കോർഡിനേറ്റർ ദിനേശൻ അടുത്തില എന്നിവർ പദ്ധതി ഏകോപിപ്പിച്ചു.
തളിപ്പറമ്പിലെ അനുഭവങ്ങൾ പിന്തുടർന്ന് എല്ലാ ജില്ലകളിലും തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ കൈറ്റും സാക്ഷരതാ മിഷനും കൈകോർത്ത് ‘ഇ മുറ്റമെന്ന’ പേരിൽ ഇതേ പദ്ധതി നടപ്പാക്കുന്നുണ്ട്.
ശനി പകൽ മൂന്നിന് ഏഴാംമൈൽ ഹജ്മൂസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന പ്രഖ്യാപനച്ചടങ്ങിൽ എം.വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനാകും.
മന്ത്രി കെ രാധാകൃഷ്ണൻ ഉപഹാരം നൽകും. കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത്, സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി ഒലീന എന്നിവരും പങ്കെടുക്കും.