സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ബ്ലോഗ് എക്സ്പ്രസ്
കൊച്ചി: ആഗോള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള ടൂറിസത്തിന്റെ സംരംഭമായ കേരള ബ്ലോഗ് എക്സ്പ്രസ് നാലാം പതിപ്പിലേക്കു കടക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട 30 രാജ്യാന്തര ബ്ലോഗര്‍മാരുമായി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുന്ന കേരള ബ്ലോഗ് എക്സ്പ്രസ് തിങ്കളാഴ്ച രാവിലെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഫ്ലാഗ് ഓഫ് ചെയ്തു. ഏപ്രില്‍ മൂന്നിന് തിരുവനന്തപുരത്ത് സമാപിക്കുന്ന വിധത്തിലാണ് 15 ദിവസത്തെ യാത്ര.
ടൂറിസം വിപണനത്തിന് കേരളം ആവിഷ്കരിച്ച അതിനൂതന സംരംഭമാണ് ബ്ലോഗ് എക്സ്പ്രസ്സെന്നും അത് വരും വര്‍ഷങ്ങളിലും വിപണനത്തിന്റെ നിലവാരം ഉയര്‍ത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് അഭിപ്രായപ്പെട്ടു. കേരളത്തിനു സുപ്രധാനമായ ടൂറിസം മേഖലയില്‍ സാരമായ പുരോഗതിക്ക് ഇത് സഹായകമായി. ലക്ഷ്യസ്ഥാനമെന്ന നിലയില്‍ കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനും മേഖലയുടെ വളര്‍ച്ചക്കും ബ്ലോഗ് എക്സ്പ്രസിനു കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ബ്രിട്ടന്, കാനഡ, അമേരിക്ക, സ്പെയിന്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബ്രസീല്‍, ഇറ്റലി, മലേഷ്യ, സ്വീഡന്, അര്‍ജന്റീന, ഗ്രീസ് തുടങ്ങി 29 രാജ്യങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 29 ബ്ലോഗര്‍മാര്‍ക്കൊപ്പം ഇന്ത്യയില്‍നിന്നുള്ള ഏക അംഗമായ ദീപാന്‍ഷു ഗോയലും ബ്ലോഗ് എക്സ്പ്രസില്‍ യാത്രയ്ക്കുണ്ട്. 38,000 പേര് പങ്കെടുത്ത ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് ബ്ലോഗര്‍മാരെ തിരഞ്ഞെടുത്തത്. ഉദ്ഘാടന ദിവസമായ മാര്‍ച്ച് 20നും 26നും കൊച്ചി, 21ന് ആലപ്പുഴ, 22ന് കുമരകം, 23ന് തേക്കടി, 24നും 25നും മൂന്നാര്‍, 27നും 28നും തൃശൂര്‍, 29ന് കോഴിക്കോട്, 30ന് വയനാട്, 31ന് കണ്ണൂര്‍, ഏപ്രില്‍ ഒന്നിനും രണ്ടിനും കാസര്‍കോട് എന്നിവിടങ്ങളിലൂടെ റോഡുമാര്‍ഗം സഞ്ചരിക്കുന്ന ബ്ലോഗ് എക്സ്പ്രസ് ഏപ്രില്‍ മൂന്നിന് അവസാന ലക്ഷ്യകേന്ദ്രമായ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.
മൂന്നു പതിപ്പുകളിലുമായി 87 ബ്രാന്‍ഡ് അംബാസഡര്‍മാരാണു കേരളക്കാഴ്ചകള്‍ കാണാനെത്തിയത്. വിദേശ അച്ചടി, ഓണ്‍ലൈന്‍, ടെലിവിഷന്‍ മാധ്യമങ്ങള്‍ ബ്ലോഗ് എക്സ്പ്രസിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ഡോക്യുമെന്ററികള്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് മൂന്നാംപതിപ്പിന് ഗോവ ഫെസ്റ്റ് 2016ല്‍ വെങ്കല പുരസ്കാരവും ലഭിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം നിന്ന് ബ്ലോഗര്‍മാര്‍ സെല്‍ഫി എടുക്കുകയും അദ്ദേഹത്തോടൊപ്പം അല്‍പ്പനേരം പ്രത്യേകം തയാറാക്കിയ ബ്ലോഗ് എക്സപ്രസ് ബസില്‍ യാത്ര ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ബ്ലോഗ് എക്സപ്രസ് സഞ്ചാരികള്‍ സ്വയം പരിചയപ്പെടുത്തി. ചടങ്ങില്‍ ടൂറിസം ജോയിന്റ് ഡയറക്റ്റര്‍ പി.ജി ശിവന്, ഡെപ്യൂട്ടി ഡയറക്റ്റര്‍ വി.എസ്. അനില്‍ തുടങ്ങിയവരും പങ്കെടുത്തു.