യു.പിയിൽ പ്രിയങ്കയെ മുൻനിർത്തി കോൺഗ്രസ്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകളിലെ അനിശ്ചിതത്വം നീങ്ങി. ഉത്തരേന്ത്യയില്‍ വിശേഷിച്ചും യു.പിയില്‍ പ്രിയങ്കാ ഗാന്ധിയാവും കോണ്ഗ്രിസിന്റെ പ്രചാരണ രംഗത്തെ മുഖം എന്ന് വ്യക്തമാക്കുന്ന നീക്കമാണ്.
യു.പിയിലെ സഖ്യം യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നില്‍ പ്രിയങ്കാ ഗാന്ധി നിര്‍ണായകമായ പങ്കുവഹിച്ചെന്ന് യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ വിശാലമായ താത്പര്യത്തിനായി സഖ്യം യാഥാര്‍ത്ഥ്യമാക്കിയതിന് അഖിലേഷ് യാദവിനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
റായ്ബറേലിയും അമേഠിയും മോദിയുടെ മണ്ഡലമായ വരാണസിയും ഉള്‍പ്പെടെ 17 മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് എന്ന ധാരണയിലാണ്. ബാക്കി 63 മണ്ഡലങ്ങളില്‍ എസ്.പിയും മത്സരിക്കും.
എസ്.പി, കോണ്‍ഗ്രസ് നേതാക്കളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ പരമാവധി 15 സീറ്റുകള്‍ കോണ്‍ഗ്രസിനzന്ന നിലപാടിലായിരുന്നു എസ്.പി.
11 സീറ്റുകള്‍ മാത്രമാണ് നല്‍കുകയെന്ന നിലപാടില്‍ നിന്ന് അയഞ്ഞാണ് 15ല്‍ എത്തിച്ചത്. തുടര്‍ന്ന് പ്രിയങ്കയുടെ നേതൃത്വത്തില്‍ ഒത്തു തീര്‍പ്പോടെ സീറ്റ് വിഭജന ചര്‍ച്ച മുന്നേറി.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്ന 21 സീറ്റ് അടക്കം 24 മണ്ഡലങ്ങള്‍ വേണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.
ഇത്രയും സീറ്റ് കോണ്‍ഗ്രസിന് നല്‍കാനാവില്ലെന്ന വാശിയില്‍ എസ്.പി ഉറച്ചു നിന്നതോടെ ആണ് പ്രശ്ന പരിഹാരത്തിനായി പ്രിയങ്ക ഗാന്ധി ഇടപെട്ടത്.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ നിന്ന് എസ്.പി അധ്യക്ഷന്‍ വിട്ടു നിന്നത് ഇന്ത്യാ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുമോയെന്ന ആശങ്ക പടര്‍ത്തിയിരുന്നു.
യാത്രയില്‍ പങ്കെടുക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ശേഷമാണ് പിന്‍വാങ്ങല്‍ ഉണ്ടായത്. ഇത് വിഭജന ചര്‍ച്ചയിലെ സമ്മര്‍ദ്ദ തന്ത്രമാണെന്നും വിലയിരുത്തപ്പെട്ടു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റീല്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിച്ച് കയറാനായത്. രാഹുല്‍ ഗാന്ധി തന്നെയും സ്മൃതി ഇറാനിയോട് പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ പരാജയം ഏറ്റു വാങ്ങിയ സാഹചര്യം നേരിട്ടു.
രാഹുല്‍ അമേഠിയില്‍ നിന്ന് ജനവിധി തേടുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി മത്സരിച്ചിരുന്ന മണ്ഡലമാണ് റായ്ബറേലി.
സോണിയ രാജ്യസഭയിലേക്ക് പോയതിനാല്‍ ഇത്തവണ പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും എന്നാണ് സൂചന. സീറ്റ് ധാരണയായതോടെ ഫെബ്രുവരി 24നോ 25നോ അഖിലേഷ് രാഹുലുമായി ജോഡോ യാത്രയില്‍ വേദി പങ്കിടും.
യു.പിയിലെ വിഭജനം മധ്യപ്രദേശിലെ സീറ്റുകള്‍ കൂടി ഉള്‍പ്പെടുന്ന ധാരണയുടെ അടിസ്ഥാനത്തിലാണ്. മധ്യപ്രദേശിലെ ഖജുരാഹോ മണ്ഡലവും കോണ്‍ഗ്രസ് എസ്.പിക്ക് വിട്ടു കൊടുത്തിട്ടുണ്ട്. ഖജുരാഹോ എസ്.പിയ്ക്ക് സ്വാധീനമുള്ള മണ്ഡലമാണ്. സിതാപൂ ഹത്രാസ് മണ്ഡലങ്ങള്‍ പരസ്പരം കൈമാറി.
റായ്ബറേലി, അമേഠി, ഫത്തേപ്പുര്‍ സിക്രി, സഹരണ്‍പുര്‍, പ്രയാഗ്രാജ്(പഴയ അലഹാബാദ്), മഹാരാജ്ഗഞ്ജ്, വരാണസി, അംരോഹ, ഝാന്‍സി, ബുലന്ദ്ശഹര്‍, ഗാസിയാബാദ്, മഥുര, സിതാപുര്‍, ബരാബംകി, കാന്‍പുര്‍, ബന്‍സ്ഗാവ്, ദേവ്രിയ മണ്ഡലങ്ങളാണ് യു.പിയില്‍ കോണ്‍ഗ്രിസിന് ലഭിച്ചത്. ഒരു സീറ്റീല്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയും മത്സര രംഗത്ത് ഉണ്ടാവും എന്നാണ് ധാരണ.