സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ ചേരും
ന്യൂഡൽഹി: വിളകൾക്ക് നിയമാനുസൃത താങ്ങു വിലയെന്ന ആവശ്യം മുൻ നിർത്തി കർഷക പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ വ്യാഴാഴ്ച ഡൽഹിയിൽ സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം. എസ്.കെ.എം ദേശീയ കോർഡിനേഷൻ യോഗവും ജനറൽ ബോഡിയുമാണ് ചേരുക.
നിലവിലെ കർഷക സമരം വിലയിരുത്തി സുപ്രധാന തീരുമാനം കൈക്കൊള്ളുമെന്ന് 2020ൽ നടന്ന ഐതിഹാസിക കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ എസ്.കെ.എം പ്രസ്താവനയിൽ അറിയിച്ചു.
അഖിലേന്ത്യ അടിസ്ഥാനത്തിൽ വിഷയാധിഷ്ഠിതമായി എല്ലാ കർഷക സംഘടനകളും ഒന്നിച്ച് പോരാടേണ്ട സമയമാണിതെന്ന് കഴിഞ്ഞ ദിവസം എസ്.കെ.എം പ്രഖ്യാപിച്ചിരുന്നു.
ഹരിയാന - പഞ്ചാബ് അതിർത്തിയിലെ പൊലീസ് കടന്നാക്രമണത്തിലും ഖനൗരിയിൽ യുവ കർഷകന്റെ കൊലപാതകത്തിലും ശക്തമായ ഭാഷയിൽ മോർച്ച പ്രതിഷേധം അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനുമു മ്പ് വീണ്ടും ഐതിഹാസിക കർഷക പോരാട്ടത്തിന് എസ്കെഎം ആഹ്വാനം ചെയ്തേക്കും. ഭാവി സമരങ്ങൾ സംബന്ധിച്ച പ്രഖ്യാപനങ്ങളുമുണ്ടാകും.
അഞ്ചു വിളകൾ മാത്രം പഴയ താങ്ങുവിലയിൽ സംഭരിക്കാമെന്ന കേന്ദ്ര സർക്കാർ വാഗ്ദാനം ‘ഡൽഹി ചലോ മാർച്ച്’ നേതൃത്വം നിരസിച്ചത് എസ്.കെ.എം നിലപാടിന്റെ സ്വാധീനത്തിലാണ്.
വാഗ്ദാനം പൊള്ളയാണെന്ന് എസ്.കെ.എം വ്യക്തമാക്കി മണിക്കൂറുകൾക്കുള്ളിലാണ് സമരക്കാർ നിലപാട് തിരുത്തി കേന്ദ്ര നിർദേശം തള്ളിയതെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു.
എസ്.കെ.എം സ്വാധീനംമൂലം സമരക്കാർ രാത്രി പത്തിന് വാർത്താസമ്മേളനം വിളിച്ച് വാഗ്ദാനം നിരസിച്ചെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, 2020ൽ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച ബുധനാഴ്ച ബി.ജെ.പി - എൻ.ഡി.എ എം.പിമാർക്കെതിരെ നടത്തിയ പ്രക്ഷോഭത്തിൽ വൻ കർഷക പങ്കാളിത്തമാണ് ഉണ്ടായത്. ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ പ്രക്ഷോഭത്തിൽ അണി ചേർന്നു.