നിരന്തര ആക്രമണം, ഭക്ഷ്യ വിതരണം നിർത്തി, ഗാസയിൽ 23 ലക്ഷം ജങ്ങൾ ഭക്ഷണം കിട്ടാതെ വലയുന്നു
റാഫ: ഗാസയിലേക്കുള്ള ഭക്ഷ്യ വസ്തുക്കളുടെ വിതരണം നിർത്തി വച്ച് ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്സിയായ ലോക ഭക്ഷ്യ പരിപാടി. ഭക്ഷ്യ വസ്തുക്കളുമായി പോകുന്ന ട്രക്കുകൾ നിരന്തരമായി ആക്രമിക്കപ്പെടുന്നതിനാലാണിത്.
മാസങ്ങളായി ഭക്ഷണവും മരുന്നും ശുദ്ധജലവും ലഭിക്കാതെ നരകജീവിതം നയിക്കുകയാണ് ഗാസയിലെ 23 ലക്ഷം ജനങ്ങൾ. ആറിൽ ഒരു കുട്ടി കടുത്ത പോഷകാഹാര കുറവ് നേരിടുന്നതായാണ് യുനെസ്കൊ റിപ്പോർട്ട്.
ഭക്ഷണ വിതരണം പൂർണമായും നിർത്തുന്നത് 7.5 ലക്ഷത്തിൽപ്പരം ആളുകളെ മരണ ശിക്ഷയ്ക്ക് വിധിക്കുന്ന നടപടിയാണ്.
എന്നാൽ, ക്രമസമാധാനം പൂർണമായും തകർന്ന മുനമ്പിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കാനാകാത്തതിനാലാണ് കടുത്ത തീരുമാനം എടുത്തതെന്ന് ലോക ഭക്ഷ്യ പരിപാടി വിശദീകരിക്കുന്നു.
ഗാസയിൽ ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചതുമുതൽ നാമമാത്ര ട്രക്കുകളെയാണ് അവശ്യ വസ്തുക്കളുമായി മുനമ്പിലേക്ക് കടത്തിവിടുന്നത്. തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടായതിനാൽ മുമ്പും ഭക്ഷ്യവിതരണം പലപ്പോഴായി നിർത്തിയിരുന്നു.
വീണ്ടും പുനരാരംഭിച്ചപ്പോഴും ആക്രമണം തുടർന്നു. വിശന്നു വലഞ്ഞ ഗാസ നിവാസികൾ ട്രക്കുകളിൽ നിന്ന് ഭക്ഷണം നേരിട്ട് എടുത്ത് കഴിക്കാൻ ശ്രമിക്കുന്നതും സംഘർഷമുണ്ടാക്കുന്നു.
ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേൽ കടന്നാക്രമണത്തിൽ ഇതുവരെ 29,313 ഗാസനിവാസികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. വടക്കൻ മേഖലയിൽ രണ്ടുദിവസമായി കനത്ത ആക്രമണം നടക്കുന്നു.
ഇവിടെ അവശേഷിക്കുന്നവരിൽ 15 ശതമാനം കൊടുംപട്ടിണിയിലാണ്. മേഖലയിലെ യു.എൻ ഭക്ഷ്യ വിതരണം മൂന്നാഴ്ചയായി പൂർണമായും നിലച്ചിരിക്കുകയാണ്.
ഗാസയിലെ 90 ശതമാനം ജനങ്ങൾക്കും ദിവസേന രണ്ടുനേരം ഭക്ഷണം ലഭിക്കുന്നില്ല. 14 ലക്ഷം പേർ തിങ്ങിപ്പാർക്കുന്ന തെക്കേ അറ്റത്തെ റാഫയിൽ അഞ്ചുശതമാനം പേർ കൊടുംപട്ടിണിയിലാണ്.