മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ് രാഷ്ട്രീയത്തിലേക്ക്
ചണ്ഡിഗഡ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ബി.ജെ.പി സ്ഥാനാർഥിയായി പഞ്ചാബിലെ ഗുർദാസ്പുർ ലോക്സഭാ സീറ്റിൽ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് നീക്കം.
നിലവിൽ ബോളിവുഡ് താരം സണ്ണി ഡിയോളാണ് ഗുർദാസ്പുർ എം.പി സണ്ണിക്കു പകരം യുവരാജിനെ മത്സരിപ്പിക്കാൻ ശ്രമം നടക്കുന്നതായാണ് സൂചന.
സണ്ണി മണ്ഡലത്തിൽ വരുന്നില്ലെന്ന പരാതി വ്യാപകമാണ്. എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ ഇവിടെ നടത്തിയ പൊതുസമ്മേളനത്തിൽ ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, രാഷ്ട്രീയം തനിക്കു ചേരുന്ന കാര്യമല്ലെന്ന് സണ്ണി ഒരു അഭിമുഖത്തിൽ സമ്മതിക്കുകയും ചെയ്തിരുന്നു. ഇനി മത്സരിക്കാനുള്ള താത്പര്യക്കുറവും അദ്ദേഹം പരസ്യമായി വെളിപ്പെടുത്തിയതാണ്.
എം.പിയെന്ന നിലയിൽ സണ്ണി ഡിയോളിൻറെ ജനപ്രീതി കുറഞ്ഞു എന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് ബിജെപി ഇവിടെ പകരം മറ്റൊരു സെലിബ്രിറ്റി സ്ഥാനാർഥിയെ തേടുന്നത്.
ദേശീയ അധ്യക്ഷൻ നിതിൻ ഗഡ്കരി ഈ മാസം ആദ്യം യുവരാജ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ച ഈ വിഷയത്തിലായിരുന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
മുൻകാല ബോളിവുഡ് നായകൻ വിനോദ് ഖന്നയും ഗുർദാസ്പുരിൽ ബിജെപിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1998, 1999, 2004 വർഷങ്ങളിൽ വിനോദ് ഖന്ന ഇവിടെ നിന്ന് ജയിച്ചിരുന്നു.