തിരുവനന്തപുരത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതിയും കുട്ടിയും മരിച്ച സംഭവം; ഭര്‍ത്താവിനെതിരെ നരഹത്യാകുറ്റം ചുമത്തും
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തുമെന്ന് പൊലീസ്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത നേമം പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിക്ക് അക്യുപങ്ചര്‍ ചികിത്സ നല്കിയ ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെ പ്രതിയാക്കണമോ എന്ന കാര്യത്തില്‍ അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
യുവതിക്കെതിരെ ഗുരുതര കുറ്റകൃതമാണ് സംഭവിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പൂന്തുറ സ്വദേശി ഷമീനയും(36) കുഞ്ഞുമാണ് ചൊവ്വാഴ്ച മരിച്ചത്. ആശുപത്രിയിൽ പോകാൻ അനുവദിക്കാതെ വീട്ടിൽ തന്നെ പ്രസവിക്കുകയായിരുന്നു.
ഭർത്താവ് പൂന്തുറ സ്വദേശി നയാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്ത് വരുന്നത്. ആദ്യത്തെ മൂന്ന് പ്രസവങ്ങള്‍ സിസേറിയന് ആയതിനാല്‍ പല തവണ അപകട മുന്നറിയിപ്പു നല്‍കിയിട്ടും നയാസ് ഗൗനിച്ചില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ദീപിക ആരോപിച്ചു.
യുട്യൂബ് നോക്കി സാധാരണ പ്രസവം നടത്താനാണ് ശ്രമമെന്ന് നയാസ് പറഞ്ഞതായും ദീപിക വെളിപ്പെടുത്തി. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ നയാസ് അവരോട് തട്ടിക്കയറുകയായിരുന്നു. ഭാര്യയ്ക്ക് ആധുനിക ചികിത്സ നല്‍കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നയാസ് അത് ചെവിക്കൊണ്ടില്ല.
ഷമീറ ഗർഭിണിയാണെന്ന വിവരം ഇവരുടെ മാതാപിതാക്കൾക്കൊ സമീപവാസികൾക്കോ പോലും അറിയില്ലായിരുന്നു. വീടിന്റെ പടിയിറങ്ങാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഷമീറയോട് സംസാരിച്ചപ്പോഴാണ് ആദ്യത്തെ മൂന്ന് പ്രസവങ്ങളും സിസേറിയന് ആയിരുന്നുവെന്ന് അറിയുന്നത്.
ഇത് അറിഞ്ഞപ്പോൾ ഉടനെ തന്നെ ആശുപത്രിയിൽ പോകാന്‍ അയൽക്കാർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഷമീറയെ ആളുകളുമായി സംസാരിക്കുന്നതിൽ നിന്നും വിലക്കിയതായാണ് വിവരം.
ഇയാളുടെ ആദ്യഭാര്യയിലെ മകള്‍ അക്യുപങ്ചര്‍ ചികിത്സ പഠിക്കുന്നുണ്ട്. ഷമീറ ബീവിയുടെ പ്രസവസമയത്ത് ഈ 17 കാരിയായ മകളും സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം.
ഇവര്‍ ഉള്‍പ്പെടെ പ്രസവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ബന്ധുക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടില്‍ വച്ച് പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കുഞ്ഞിനെ പൂര്‍ണമായി പുറത്തെടുക്കാനും കഴിഞ്ഞിരുന്നില്ലെന്നും, ആശുപത്രിയിലെത്തുമ്പോഴേയ്ക്കും അമ്മയും കുഞ്ഞും മരിച്ചതായും പൊലീസ് പറയുന്നു.