സംസ്ഥാനത്തെ 6 ജില്ലകളിൽ ഉയർന്ന താപനില; യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഇതു പ്രകാരം ഇന്ന് ഉച്ചയ്ക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്നും നാളെയും(2024 ഫെബ്രുവരി 20, 21) ആറ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.
ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. അതേസമയം എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ ഉയരും.
സാധാരണ ഈ സമയത്ത് അനുഭവപ്പെടേണ്ട താപനിലയെ അപേക്ഷിച്ച് 2 മുതൽ 4 ഡിഗ്രി വരെ ചൂട് അധികമായി അനുഭവപ്പെടും. പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ചു.
രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെയുള്ള സമയത്തിൽ 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 3 മണി വരെ വിശ്രമ വേളയായിരിക്കും.
ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3ന് ആരംഭിക്കുന്ന തരത്തിലുമാണ് പുനഃക്രമീകരണമെന്ന് ലേബർ കമ്മിഷണർ ഡോ. കെ. വാസുകി അറിയിച്ചു.
ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി. ലേബർ ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും.
കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി പരിശോധന ഉറപ്പാക്കുമെന്നും കമ്മിഷണർ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിൻറെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.