റബർ മേഖലയ്ക്ക് 709 കോടിയുടെ സഹായം
ന്യൂഡൽഹി: റബർ മേഖലയ്ക്കുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായം അടുത്ത 2 സാമ്പത്തിക വർഷങ്ങളിലേക്ക് 576.41 കോടിയിൽ നിന്ന് 708.69 കോടി രൂപയായി ഉയർത്തി.
23 ശതമാനമാണ് വർധന. 2024 - 2025, 2025 - 2026 സാമ്പത്തിക വർഷങ്ങളിൽ പരമ്പരാഗത മേഖലകളിലെ 12,000 ഹെക്റ്ററിൽ റബർ നടുന്നതിന് 43.50 കോടി നൽകും. ഇതോടെ, ഹെക്റ്ററിന് 25,000 രൂപയായിരുന്ന സഹായം 40,000 രൂപയാകും.
ഇതേ കാലയളവിൽ പാരമ്പര്യേതര മേഖലകളിൽ 3752 ഹെക്റ്ററിൽ റബർ കൃഷി വ്യാപിപ്പിക്കും. ഇതിനായി18.76 കോടി രൂപ നീക്കിവച്ചു. ഹെക്റ്ററിന് 50,000 രൂപയുടെ നടീൽ വസ്തുക്കൾ റബർ ബോർഡ് നൽകും.
വടക്ക് കിഴക്കൻ മേഖലയിൽ ഇൻറോഡ് പദ്ധതിക്ക് കീഴിൽ നടത്തുന്ന പ്ലാന്റേഷന് പുറമെ ആയിരിക്കും ഇത്. പാരമ്പര്യേതര പ്രദേശങ്ങളിലെ പട്ടികജാതി കർഷകർക്ക് ഹെക്റ്ററിന് 2,00,000 രൂപ നിരക്കിൽ നടീൽ സഹായം നൽകും.
ഇവിടെ പുതിയ നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കാൻ 20 നഴ്സറികൾക്ക് 2,50,000 രൂപ സഹായം നൽകും. ഉത്പാദന വർധനയ്ക്കും റബർ ഉത്പാദക സംഘങ്ങൾക്കു പ്രോത്സാഹനത്തിനുമായും തുക നീക്കിവച്ചിട്ടുണ്ട്.
ലാറ്റക്സ് ശേഖരണത്തിനും 55 ആർ.പി.എസുകൾക്ക് ഡി.ആർ.സി പരിശോധനാ ഉപകരണങ്ങൾക്കും ഓരോ ആർ.പി.എസിനും 40,000 രൂപ വരെ സഹായം നൽകും. റബർ ബോർഡിന്റെ ഡിജിറ്റൈസേഷനായി 8.91 കോടി രൂപ വകയിരുത്തി.
വിദ്യാഭ്യാസ സ്റ്റൈപ്പൻഡ്, സ്ത്രീ ശാക്തീകരണ പദ്ധതികൾ, വീട് നിർമാണത്തിനുള്ള സഹായം, ഗ്രൂപ്പ് ലൈഫ് ഇൻഷ്വറൻസ് കം ടെർമിനൽ ബെനിഫിറ്റ്, വ്യക്തിഗത അപകട ഇൻഷ്വറൻസ് പദ്ധതി, പെൻഷൻ പദ്ധതി, എന്നിങ്ങനെയുള്ള വിവിധ പ്രവർത്തനങ്ങൾക്ക് അടുത്ത രണ്ട് വർഷത്തേക്ക് 7.02 കോടി രൂപ നീക്കി വച്ചു.