ഗാസയിൽ സമാധാനം; ചർച്ചകൾ ഫലം കാണുന്നില്ലെന്ന് ഖത്തർ, നാസർ ആശുപത്രി പ്രവർത്തനരഹിതം
റാഫ: ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനായി നടക്കുന്ന ചർച്ചകൾ ഫലം കാണുന്നില്ലെന്ന് മധ്യസ്ഥരായ ഖത്തർ.
മ്യൂണിക്കിൽ സുരക്ഷാ ഉച്ചകോടിയിൽ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനിയാണ് ഇക്കാര്യം പറഞ്ഞത്.
ചർച്ചകൾ മന്ദഗതിയിലായെന്ന് അദ്ദേഹം പറഞ്ഞു. ശാശ്വതമായ വെടിനിർത്തലെന്ന ഹമാസിന്റെ ആവശ്യം ഇസ്രയേൽ അംഗീകരിക്കാത്തതാണ് പ്രതിസന്ധിയായത്.
ഹമാസിന്റെ ആവശ്യം യാഥാർഥ്യബോധമില്ലാത്തതാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അഭ്യർഥനപ്രകാരമാണ് പ്രതിനിധി സംഘത്തെ ചർച്ചയ്ക്ക് അയച്ചതെന്നും ഇനിയും സംഘത്തെ അയക്കേണ്ടതിന്റെ ആവശ്യമില്ലെന്നും നെതന്യാഹു പറഞ്ഞു.
പലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവിയെന്ന അന്താരാഷ്ട്ര ആവശ്യം സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ മന്ത്രിസഭ ഔദ്യോഗിക പ്രസ്താവനയുമിറക്കി.
ഗാസാ മുനമ്പിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ നാസർ ആശുപത്രി പൂർണമായും പ്രവർത്തനരഹിതമായതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രയേൽ സൈന്യം പിടിച്ചെടുത്ത ആശുപത്രിയിൽ ഇപ്പോഴും 200 രോഗികളുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
പരിചരിക്കാൻ ആകെയുള്ളത് നാല് ആരോഗ്യപ്രവർത്തകരും. അതിനിടെ, വെസ്റ്റ് ബാങ്കിൽ ഞായറാഴ്ച രണ്ട് പലസ്തീൻകാരെ സൈന്യം വെടിവച്ച് കൊന്നു.