സീതയെ അക്ബറിനൊപ്പം കൂട്ടിൽ പാർപ്പിച്ച പശ്ചിമ ബംഗാൾ വനം വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് വി.എച്ച്.പി കോടതിയെ സമീപിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിൽ സീതയെന്ന പെൺ സിംഹത്തെ അക്ബറെന്ന ആൺ സിംഹത്തോടൊപ്പം കൂട്ടിൽ പാർപ്പിച്ച പശ്ചിമ ബംഗാൾ വനം വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് വിശ്വ ഹിന്ദു പരിഷത്ത്(വി.എച്ച്.പി) കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. കേസ് ഫെബ്രുവരി 20ന് പരിഗണിക്കും.
സംസ്ഥാനത്തെ വനം വകുപ്പ് അധികൃതരെയും ബംഗാളിലെ സഫാരി പാർക്ക് ഡയറക്ടറെയും കേസിൽ കക്ഷി ചേർത്തു. സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേര് നൽകിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും വി.എച്ച്.പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.
സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേര് നൽകിയത് അപമാനകരമാണെന്നും സീതയെ അക്ബറിനൊപ്പം ജോടിയാക്കുന്നത് ഹിന്ദുക്കളോടുള്ള അനാദരവാണെന്നും വി.എച്ച്.പി വാദിച്ചു. ഇക്കാര്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും വി.എച്ച്.പി പറയുന്നു.
പെണ്സിംഹത്തിന്റെ സീത എന്ന പേര് മാറ്റി പുതിയ പേരിടണമെന്ന് കോടതിയിൽ പ്രധാന ഹർജിക്കൊപ്പം പുതിയ അപേക്ഷ നൽകുമെന്ന് വി.എച്ച്.പി വിഭാഗത്തിന്റെ അഭിഭാഷകന് അറിയിച്ചു.
ആരാധന മൂർത്തികളുടെ പേര് മൃഗങ്ങൾക്ക് നൽകരുത്. പേര് മാറ്റാൻ ബംഗാൾ സർക്കാർ തയ്യാറാകണം. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിനാലാണ് കോടതിയിൽ എത്തിയത്.
കോടതിയിൽ നിന്ന് അനൂകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഭാഷകൻ വ്യക്തമാക്കി. ഫെബ്രുവരി 16നാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ വിചിത്ര ഹർജി എത്തുന്നത്.
അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജി. അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്നാണ് സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്.
എന്നാൽ പാർക്കിലെത്തുന്നതിന് മുൻപ് തന്നെ സിംഹങ്ങൾക്ക് ഇതേ പേരുണ്ടൊയിരുന്നുവെന്നും പാർക്കിലെ മൃഗങ്ങൾക്ക് പേരുകൾ മാറ്റാറില്ലെന്നാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്.