കർഷക പ്രക്ഷോഭം അഞ്ചാം ദിനത്തിലേക്ക്
ചണ്ഡീഗഡ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ നടത്തുന്ന പ്രതിഷേധം അഞ്ചാം ദിനത്തിലേക്ക്. കേന്ദ്ര മന്ത്രിമാരുമായുള്ള ചർച്ച വീണ്ടും പരാജയപ്പെട്ടതോടെ ശനിയാഴ്ച ബി.ജെ.പി നേതാക്കളുടെ വസതികളും ഓഫിസുകളും ഉപരോധിക്കാനാണ് കർഷകരുടെ തീരുമാനമെന്ന് ഭാരതി കിസാൻ യൂണിയൻ വ്യക്തമാക്കി.
ഉൽപ്പന്നങ്ങളുടെ താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചൊവ്വാഴ്ചയാണ് കർഷകർ പഞ്ചാബിൽ നിന്ന് ഡൽഹി ചലോ മാർച്ച് ആരംഭിച്ചത്. എന്നാൽ പഞ്ചാബ് ഹരിയാന അതിർത്തിയിൽ പൊലീസ് ബലം പ്രയോഗിച്ച് കർഷകരെ തടഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്തർ സിങ്, ബി.ജെ.പി സംസ്ഥാന മേധാവി സുനിൽ ഝാക്കർ, ബി.ജെ.പി നേതാവ് കേവൽ സിങ് ദില്ലൺ എന്നിവരുടെ വസതിക്കു മുന്നിലും സംസ്ഥാനത്തെ ടോൾ പ്ലാസകൾക്കു മുന്നിലും കർഷകർ പ്രതിഷേധം സംഘടിപ്പിക്കും.
കർഷകരെ അതിർത്തിയിൽ തടയുന്നതിനായി പൊലീസ് പല തവണ കണ്ണീർവാതകവും ജല പീരങ്കിയും ഉപയോഗിച്ചിരുന്നു.
എന്നാൽ കർഷകർ സമരത്തിൽ നിന്ന് പിന്മാറാൻ തയാറായിട്ടില്ല. കർഷകർ കൂട്ടം ചേരാതിരിക്കാനുള്ള നടപടികളെല്ലാം പൊലീസ് സ്വീകരിച്ചിട്ടുണ്ട്.
പ്രക്ഷോഭം ആളിക്കത്താതിരിക്കാൻ ഫെബ്രുവരി 17 വരെ ഹരിയാനയിലെ പല ജില്ലകളിലും ബൾക് മെസേജ്, മൊബൈൽ ഇൻറർനെറ്റ് എന്നിവ നിരോധിച്ചിരിക്കുകയാണ്.
കേന്ദ്ര മന്ത്രിമാരുമായി കർഷകർ ഫെബ്രുവരി 18ന് വീണ്ടും ചർച്ച നടത്തും. ഇതു വരെ മൂന്നു തവണ ചർച്ച നടത്തിയെങ്കിലും പരിഹാരം കണ്ടെത്താനായില്ല.