തൊടുപുഴയിൽ അതിഥി തൊഴിലാളിയുടെ അസഭ്യ വർഷവും ഭീഷണിയും മർദന ശ്രമവും
തൊടുപുഴ: ലഹരിക്കടിമയായ അതിഥി തൊഴിലാളി തൊടുപുഴ നഗരത്തിൽ അസഭ്യവർഷവും വെല്ലുവിളിയുമായി അഴിഞ്ഞാടിയത് നാട്ടുകാർക്കും പോലീസിനും തലവേദനയായി.
കാഞ്ഞിരമറ്റം ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പൊലീസെത്തി ഇയാളെ പിടികൂടിയെങ്കിലും പേര് പറയാൻ തയ്യാറായില്ല. ഇയാൾ വന്ന ഇരുചക്ര വാഹനത്തിൻ്റെ നമ്പർ വ്യാജമാണോയെന്ന് സംശയിക്കുന്നതായും പോലീസ് സൂചിപ്പിച്ചു.
മദ്യപിച്ച് ലക്ക് കെട്ട് ബൈക്കുമായാണ് അതിഥി തൊഴിലാളി എത്തിയത്. തിരക്കേറിയ കാഞ്ഞിരമറ്റം ജംഗ്ഷനിൽ എത്തിയപ്പോൾ ഇയാളുടെ ബൈക്ക് നിന്ന് പോയി. പല പ്രാവശ്യം റോഡിൽ നിന്നും ബൈക്ക് ഉയർത്തി ഓടിച്ച് പോകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഏതു നിമിഷവും വാഹനം ഇടിക്കാവുന്ന സ്ഥിതി വന്നതോടെ മറ്റ് യാത്രക്കാരും സമീപത്തെ വ്യാപാരികളും ചേർന്ന് അതിഥിയെ സഹായിക്കാൻ ചെന്നു. ഇതോടെ കേട്ടാലറക്കുന്ന അസഭ്യ വർഷവുമായി അതിഥി തൊഴിലാളി സഹായിക്കാനെത്തിയവരെ വിരട്ടി.
കൈയ്യോങ്ങി മർദ്ദിക്കാനും ശ്രമിച്ചു. റിയാസിൻ്റെ തൊഴിലാളിയെന്നും ധൈര്യമുണ്ടേൽ തന്നെ തടയാനും പറഞ്ഞ് വെല്ലുവിളിച്ചുകൊണ്ടായിരുന്നു അസഭ്യം പറച്ചിൽ. വർഷങ്ങളായി കേരളത്തിൽ ജോലി ചെയ്യുന്നതിനാൽ മലയാളത്തിലായിരുന്നു തെറി പറച്ചിൽ. ഈ സമയം അതു വഴി വന്ന പോലീസ് വാഹനം നാട്ടുകാർ കൈനീട്ടി നിർത്തി.
ഇതുകണ്ട അതിഥി തൊഴിലാളി ഓടി മറഞ്ഞു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അൽപ്പം അകലെയുള്ള കെട്ടിടത്തിന് മറവിൽ നിന്നും അതിഥി തൊഴിലാളിയെ പോലീസ് പിടികൂടി.
വാഹനത്തിൽ കയറാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്ന് ബലം പ്രയോഗിച്ചാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പോലീസ് പല പ്രാവശ്യം ചോദിച്ചിട്ടും ഇയ്യാൾ പേര് പറയാൻ തയ്യാറായില്ല.
ഇയ്യാൾ വന്ന ഇരുചക്ര വാഹനത്തിൻ്റെ നമ്പർ വ്യാജമാണോയെന്ന് സംശയിക്കുന്നതായി പോലീസ് സൂചിപ്പിച്ചു. ഇത്തരത്തിൽ നിരവധി അതിഥി തൊഴിലാളികൾ വ്യക്തമായ രേഖകൾ ഇല്ലാതെ നഗരത്തിൽ കൂടി രാത്രി സമയങ്ങളിൽ സഞ്ചരിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് പ്രത്യേക പരിശോധനകൾ നടത്താൻ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.