ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് സംശയം
കലിഫോർണിയ: യു.എസിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ വീണ്ടും ദുരൂഹത. കലിഫോർണിയയിലെ സാൻ മറ്റെയോയിൽ 13നാണ് കൊല്ലം സ്വദേശികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആനന്ദ് സുജിത് ഹെന്റി(42), ഭാര്യ ആലിസ് പ്രിയങ്ക(40), ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥൻ(4) എന്നിവരാണ് മരിച്ചത്. എ.സിയിൽ നിന്നുള്ള വാതകം ശ്വസിച്ചാണ് ഇവർ മരിച്ചതെന്നായിരുന്നു കരുതിയിരുന്നത്.
എന്നാൽ കൊലപാതകമാണെന്ന് സംശയിക്കുന്നതായാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. പ്രിയങ്കയെ വെടിവച്ച് കൊലപ്പെടുത്തി ആനന്ദ് ആത്മഹത്യ ചെയ്തതായാണ് കരുതുന്നത്. യുവതിയുടെ ശരീരത്തിൽ വെടിയേറ്റതിന്റെ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്.
സംഭവ സ്ഥലത്തുനിന്നും ഒരു പിസ്റ്റളും പൊലീസ് കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ കുട്ടികളുടെ മരണ സമയവും കാരണവും വ്യക്തമാകൂയെന്നും സാൻ മറ്റെയോ പൊലീസ് വ്യക്തമാക്കി. കിടപ്പുമുറിയിലാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
2016ൽ ദമ്പതികൾ വിവാഹ മോചനത്തിന് അപേക്ഷിച്ചെങ്കിലും പിന്നീട് പിൻവലിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് ഇരട്ടക്കുട്ടികൾ ജനിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.
മാതൃകാ ദമ്പതികളെപ്പോലെയായിരുന്നു ഇവരെന്നാണ് സമീപവാസികൾ പൊലീസിനു നൽകിയ മൊഴി. 2020ലാണ് ദമ്പതികൾ സാൻ മറ്റെയോയിലേക്ക് മാറിയത്.
ഗൂഗിളിൽ ജോലി ചെയ്തിരുന്ന ആനന്ദ് ജോലി ഉപേക്ഷിച്ച് സ്വന്തമായി സ്റ്റാർട്ടപ്പ് തുടങ്ങിയിരുന്നു. പ്രിയങ്ക സീനിയർ അനലിസ്റ്റാണ്. കൊല്ലം ഫാത്തിമ മാത കോളേജിലെ മുൻ പ്രിൻസിപ്പാളായിരുന്ന ഡോ. ജി ഹെന്റിയുടെ മകനാണ് ആനന്ദ്.
മരണ വാർത്ത അറിഞ്ഞ് ആനന്ദിന്റെ സഹോദരങ്ങൾ യു.എസിൽ എത്തിയിട്ടുണ്ട്. കുടുംബവഴക്കോ സാമ്പത്തിക പ്രതിസന്ധിയോ ആവാം കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് ഭാഷ്യം.