കർഷക മാർച്ച്: ഹരിയാന അതിർത്തിയിൽ
വീണ്ടും പൊലീസ് അതിക്രമം
ന്യൂഡൽഹി: മിനിമം താങ്ങുവില നിയമാനുസൃതമാക്കണമെന്ന ആവശ്യവുമായി ‘ഡൽഹി ചലോ’ മാർച്ച് സംഘടിപ്പിക്കുന്ന കർഷകർക്കെതിരെ പൊലീസ് അതിക്രമം തുടരുന്നു.
വ്യാഴം വൈകിട്ടോടെ പഞ്ചാബ്–-ഹരിയാന അതിർത്തിയായ ശംഭുവിൽ യുദ്ധസമാനമായി ഷെല്ലുകളും ഗ്രനേഡുകളും ഉപയോഗിച്ചാണ് ഹരിയാന പൊലീസ് കർഷകരെ നേരിട്ടത്. നിരവധി പേർക്ക് പരിക്കേറ്റു.
ശംഭുവിൽ വൻ പൊലീസ് വിന്യാസം തുടരുകയാണ്. അതിർത്തി പ്രദേശങ്ങളിൽ അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
കർഷകരെ നേരിടാൻ ബി.എസ്.എഫിൽ നിന്ന് 30,000 കണ്ണീർവാതക ഷെല്ലുകൾ ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തുന്ന ചര്‍ച്ച വ്യാഴം രാത്രി വൈകിയും ചണ്ഡീഗഡില്‍ തുടരുന്നു.
കേന്ദ്ര മന്ത്രിമാരായ അര്ജുന് മുണ്ട, പിയൂഷ് ഗോയല്‍, നിത്യാനന്ദ് റായ് എന്നിവരാണ് ചര്‍ച്ചയ്ക്കെത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചര്‍ച്ചയില്‍ പങ്കാളിയായി. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില അടക്കമുള്ള പ്രധാന ആവശ്യങ്ങളിലൊന്നും തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, അംബാല, ജിന്ദ്, കുരുക്ഷേത്ര, കൈതാൽ, ഫത്തേബാദ്, ഹിസാർ, സിർസ ജില്ലകളിലെ ഇന്റർനെറ്റ് നിരോധനം 17 വരെ നീട്ടി ഹരിയാന സർക്കാർ ഉത്തരവിറക്കി.
എന്നാൽ, പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഭാരതീയ കിസാൻ യൂണിയൻ(ചരുണി) നേതാവ് ഗുർനം സിങ് ചരുണി പറഞ്ഞു. എല്ലാ താലൂക്കുകളിലും ട്രാക്ടർ റാലി നടത്തും.
പഞ്ചാബിൽ റെയിൽ ഗതാഗതം തടഞ്ഞാണ് പ്രതിഷേധം മുന്നേറുന്നത്. വിവിധയിടങ്ങളിൽ ഇന്റർനെറ്റ് നിരോധനം വെള്ളിവരെ നീട്ടി.സമരംചെയ്യുന്ന കർഷകരെ തള്ളി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ വീണ്ടും രംഗത്തെത്തി.