കോട്ടയം ലോക്സഭാ സീറ്റ് ജോസഫ് വിഭാഗത്തിന്, കോണ്‍ഗ്രസ് വിട്ടുനല്‍കിയേക്കും
കോട്ടയം: കേരള കോണ്‍ഗ്രസിന് കഴിവും പ്രാപ്തിയും ജയസാധ്യതയുമുള്ള സ്ഥാനാര്‍ഥിയില്ലെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന വിഴുങ്ങി കോട്ടയം ലോക്സഭാ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടു നല്കാന് കോണ്‍ഗ്രസ് തയാറായേക്കും.
എന്നാൽ, ഫ്രാന്‍സിസ് ജോര്‍ജിനു പകരം പി.ജെ ജോസഫോ മോന്‍സ് ജോസഫോ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് വീണ്ടും ആവശ്യപ്പെട്ടേക്കും.
ഇക്കാര്യത്തിൽ യു.ഡി.എഫ് യോഗമായിരിക്കും അന്തിമ തീരുമാനമെടുക്കുക. കേരള കോണ്‍ഗ്രസില്‍ നിന്നു കോട്ടയം സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെ സീറ്റ് നിലനിർത്താൻ കേരള കോൺഗ്രസും നീക്കം ശക്തമാക്കിയിരുന്നു.
യു.ഡി.എഫ് യോഗത്തിൽ നിലപാട് കര്‍ക്കശമാക്കാനാണ് പി.ജെ ജോസഫിന്റെ നീക്കം. സീറ്റ് ലഭിച്ചാല്‍ ഇവിടെ ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കണമെന്നാണ് ജോസഫിന്റെ താത്പര്യം.
കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യതയില്ലെന്നും കഴിവും പ്രാപ്തിയുമുള്ള വിജയിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ഥി കോണ്ഗ്രസിനുണ്ടെന്നുമാണ് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സ്ഥാനാര്ഥിയുണ്ടെന്ന കാര്യം കേരള കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സുധാകരന് പറഞ്ഞിരുന്നു.
ഇവിടെ പി.ജെ ജോസഫോ മോന്‍സ് ജോസഫോ മത്സരിക്കുന്നതിനു പകരം ഫ്രാന്‍സിസ് ജോര്‍ജിന്റെ പേര് മുന്നോട്ടു വച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്.
ഇടുക്കി മണ്ഡലത്തിൽ മത്സരിച്ച് രണ്ട് തവണ ജയിക്കുകയും അഞ്ച് തവണ പരാജയപ്പെടുകയും ചെയ്തയാളാണ് ഫ്രാന്‍സിസ് ജോര്‍ജ്. മാത്രമല്ല, 2009നു ശേഷം മാത്രം നാല് തവണ പാര്‍ട്ടിയും നാല് തവണ മുന്നണിയും മാറി.
2016ലെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കേരള കോണ്‍ഗ്രസ് പിളര്‍ത്തി ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉണ്ടാക്കി യു.ഡി.എഫ് വിട്ടത് മുന്നണിക്ക് ദോഷം ചെയ്തിരുന്നു.
അങ്ങനെയൊരാളെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരായിരുന്നു സുധാകരന്റെ പ്രതികരണം. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥി ഉണ്ടെങ്കില്‍ മാത്രമേ സീറ്റ് അനുവദിക്കുകയുള്ളുവെന്ന് കേരള കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് വ്യക്തമായി അറിയിച്ചിരുന്നു.
എന്നാല്‍, സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ കേരള കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയതോടെ കഴിഞ്ഞ ദിവസം തന്നെ സുധാകരന്റെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തര്‍ക്കം മയപ്പെടുത്തിയിരുന്നു.
ഫ്രാന്‍സിസ് ജോര്‍ജ് കഴിവും പ്രാപ്തിയും ഇല്ലാത്ത നേതാവാണെന്നല്ല സുധാകരന് ഉദ്ദേശിച്ചതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
പക്ഷേ, കേരള കോണ്‍ഗ്രസിന് വലിയ ക്ഷീണം ഉണ്ടാക്കിയാണ് സുധാകരന്റെ പ്രസ്താവന. എങ്കില്‍പ്പോലും കേരള കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചാല്‍ ഇത്തവണത്തേയ്ക്ക് മാത്രമായി സീറ്റ് അവര്‍ക്ക് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായേക്കും.
എന്നാൽ, ഫ്രാന്‍സിസ് ജോര്‍ജ് ദുർബലനായ സ്ഥാനാർഥിയാണെന്നും പകരം മറ്റൊരു സ്ഥാനാര്‍ഥിയെ പരിഗണിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും.