ബേലൂർ മഖ്ന ദൗത്യം തുടരുന്നു
മാനന്തവാടി: കൊലയാളി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടിവയ്ക്കാനുള്ള നാലാംദിന ശ്രമവും വിജയം കണ്ടില്ല.
ബേലൂർ മഖ്നക്കൊപ്പമുള്ള മോഴയാന ആർ.ആർ.റ്റി സംഘത്തെ ആക്രമിക്കാനെത്തിയതോടെ മയക്കുവെടി സംഘം പിന്മാറുകയായിരുന്നു.
ബുധൻ 3.30ഓടെ കൊലയാനയെ മയക്ക് വെടിയ്ക്കായി എല്ലാ സാധ്യതകളും ഒത്തുവന്നിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഈ ആനക്കൊപ്പമുള്ള മോഴയാന ആർ.ആർ.റ്റി സംഘത്തിനുനേരെ ആക്രമിക്കാൻ ഓടിയെത്തി.
വെടിപൊട്ടിച്ച് ശബ്ദമുണ്ടാക്കിയാണ് ആർആർടി സംഘം രക്ഷപ്പെട്ടത്. ഈ സമയം ബേലൂർ മഖ്ന ഉൾക്കാട്ടിലേക്ക് മറയുകയും ചെയ്തു.
നിലവിൽ കേരള കർണാടക അതിർത്തി വനമേഖലകളിൽ കൊലയാളി ആന തുടരുകയാണ്. ചൊവ്വ രാത്രി വൈകി കർണാടക ഭാഗത്ത് നിന്നുമാണ് ചൊവ്വാഴ്ച സിഗ്നലുകൾ ലഭിച്ചത്.
ബുധനാഴ്ച രാവിലെയോടെ കേരള കർണാടക അതിർത്തിയോടുള്ള കേരള വനഭാഗത്ത് നിന്നും സിഗ്നലുകൾ ലഭിച്ചു. ഈ സിഗ്നൽ അടിസ്ഥാനത്തിൽ ബുധനാഴ്ച പുലർച്ചെതന്നെ തിരച്ചിൽ സംഘം വനമേഖലയിലേക്ക് കടന്നിരുന്നു.
കൊലയാനയെ കാണുകയും രണ്ട് തവണ ദൗത്യസംഘം ഏറെക്കുറെ മയക്കുവെടി വയ്ക്കുന്നതിനുള്ള സാഹചര്യം ഒത്തുവന്നെങ്കിലും ആദ്യതവണ ബേലൂർ മഖ്ന ഉൾക്കാട്ടിലേക്ക് വലിഞ്ഞതും, രണ്ടാം തവണ മോഴയാന ആക്രമിക്കാനെത്തിയതോടെയും വനപാലകർ പിൻവാങ്ങുകയായിരുന്നു.
കൊലയാളിയാനയെ പിടികൂടുന്നതിനുള്ള കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കാൻ വനം വകുപ്പ് ഉന്നതതല യോഗം ചേർന്നു. രാത്രിയിൽ നിരീക്ഷണം ഏർപ്പെടുത്തിട്ടുണ്ട്.
നോർത്ത് വയനാട് ഡി.എഫ്.ഒ കെ.ജെ മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡി.എഫ്.ഒ എ ഷജ്ന, വയനാട് വൈൽഡ് ലൈഫ് വാർഡൻ പി ദിനേഷ്, ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ എ.പി ഇംത്യാസ്, സോഷ്യൽ ഫോറസ്ട്രി എ.സി.എഫ് ഡി ഹരിലാൽ എന്നിവരാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.