പി.എസ്.സി പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയതായി റിപ്പോർട്ട്
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികളും സഹോദരങ്ങളുമായ അമൽ ജിത്തും അഖിൽ ജിത്തും കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയതായി റിപ്പോര്‍ട്ട്.
കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന് അഖില്‍ ജിത്താണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
പൂജപ്പുരയില്‍ പിഎസ്സി പരീക്ഷക്കിടെ പരീക്ഷ എഴുതാനെത്തിയ ആൾ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവര്‍ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങുന്നത്.
അമൽ ജിത്തും അഖിൽ ജിത്തും ചേർന്നാണ് പിഎസ്സി പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. അഖിൽ ജിത്തിന് ഇതിന് മുമ്പ് പൊലീസ്, ഫയർഫോഴ്സ് എഴുത്തുപരീക്ഷകൾ പാസായെങ്കിലും കായിക ക്ഷമതാ പരീക്ഷയിൽ പിന്തള്ളപ്പെട്ടിരുന്നു.
ഹാൾടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യാഗസ്ഥർ പരിശോധിക്കും. ബയോമെട്രിക് പരിശോധനയും നടത്തും.
രേഖകൾ പരിശോധിക്കാൻ ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങി ഓടുകയായിരുന്നു. പിഎസ്സി ജീവനക്കാർ പുറകെ ഓടിയെത്തിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി യുവാവ് രക്ഷപ്പെടുകയായിരുന്നു.
ഈ വാഹനവും അമൽ ജിത്തിന്റെതായിരുന്നെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. അമൽജിത്തിന്റെ വീട്ടിൽ വ്യാഴാഴ്ച പരിശോധന നടത്തിയിപ്പോഴാണ് സഹോദരങ്ങളാണ് ആള്‍മാറാട്ടം നടത്തിയതെന്ന് തെളിയുന്നത്.