ബിഹാറിൽ വിശ്വാസ വോട്ടെടുപ്പ്, ജെഡിയു എം.എൽ.എ കരുതൽ തടങ്കലിൽ
പറ്റ്ന: ബിഹാറിൽ നിതീഷ് കുമാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടുമ്പോൾ ജെഡിയു എം.എൽ.എ ഡോ. സഞ്ജീവിനെ പോലീസ് കരുതൽ തടങ്കലിൽ ആക്കി.
എൻ.ഡി.എയ്ക്ക് എതിരെ വോട്ട് ചെയ്യുമെന്ന് ഭയപ്പെട്ടാണ് നടപടി. ഇതിനെതിരെ ആർജെഡി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം തുടങ്ങി.
അതേസമയം സഭ നടപടികൾ ആരംഭിച്ചിട്ടും ബി.ജെ.പി എം.എൽ.എമാരായ രശ്മി വർമ, മിശ്രിലാൽ യാദവ് എന്നിവരും സഭയിൽ എത്തിയിട്ടില്ല. ഇവരും പോലീസ് കസ്റ്റഡിയിലാണന്ന് റിപ്പോർട്ട്.
സഭയിൽ വർഗീയ ശക്തികൾക്കെതിരെ വോട്ട് ചെയ്യുമെന്ന് എ.ഐ.എം.ഐ.എം എം.എൽ.എ അക്താറുൽ ഇമാൻ പറഞ്ഞു. എന്‍.ഡി.എയ്ക്കൊപ്പം പുതിയ സഖ്യം രൂപീകരിച്ചാണ് നിതീഷ് കുമാര്‍ അധികാരത്തിലേറാൻ ശ്രമിക്കുന്നത്.
കുതിരക്കച്ചവടം ഭയന്ന് തെലങ്കാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇന്നലെ വൈകിട്ട് പട്നയില്‍ തിരിച്ചെത്തി. മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയിലാണ് മഹാസഖ്യ എം.എല്‍.എമാരുടെ ക്യാമ്പ്.
വിശ്വാസവോട്ടെടുപ്പ് കഴിയുന്നതുവരെ കോണ്‍ഗ്രസ് എംഎല്‍എമാരും ഇവര്‍ക്കൊപ്പമായിരിക്കും. നേരത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ജെഡിയുവില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
നിലവില്‍ 243 അംഗ നിയമസഭയില്‍ എൻ.ഡി.എയ്ക്ക് 128 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. ബി.ജെ.പി - 78, ജെ.ഡി.യു - 45, എച്ച്.എ.എം - നാല്, സ്വതന്ത്രന് - ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
മഹാസഖ്യത്തില്‍ 114 അംഗങ്ങളാണുള്ളത്. ആര്.ജെ.ഡി - 79, കോണ്‍ഗ്രസ് - 19, ഇടത് പാര്‍ട്ടികള്‍ ‑ 16. ഒരു എം.എല്‍.എ മാത്രമുള്ള എ.ഐ.എം.ഐ.എം ഇരു മുന്നണികളിലും ചേര്‍ന്നിട്ടില്ല.
ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചി തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ. എച്ച്.എ.എം നിതീഷ് കുമാറിനെ പിന്തുണയ്ക്കണമെന്ന് കാട്ടി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
വിശ്വാസ വോട്ടിന് മുമ്പ് ആര്.ജെ.ഡി പ്രതിനിധിയായ സ്പീക്കര്‍ അവധ് ബിഹാരി ചൗധരിക്കെതിരായ അവിശ്വാസ പ്രമേയവും വോട്ടിനിടും.